by webdesk1 on | 27-08-2024 01:38:25
തിരുവനന്തപുരം: മലയാള സിനിമയിലെ ലൈംഗീകതിക്രമ വെളിപ്പെടുത്തലുകള്‍ സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ക്ഷുഭിതനായി സംസാരിച്ച കേരളത്തിലെ ഏക ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ ബിജെപി സംസ്ഥാന നേതൃത്വം.
മാധ്യമങ്ങള്‍ക്കുള്ള തീറ്റയാണ് ഉയര്‍ന്നുവരുന്ന ആരോപണങ്ങളെന്നും നിങ്ങള്‍ അതുവച്ച് കാശുണ്ടാക്കിക്കോളൂ എന്നുമായിരുന്നു സുരേഷ് ഗോപി സിനിമ സ്റ്റൈലില്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. മാധ്യമങ്ങള്‍ സമൂഹത്തിന്റെ മാനസികാവസ്ഥയെ വഴി തെറ്റിക്കുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു വച്ചു.
പാര്‍ട്ടിയുടെ നിലപാട് പറയേണ്ടത് പാര്‍ട്ടി നേതൃത്വമാണെന്നും സുരേഷ് ഗോപിയല്ലെന്നും തുറന്നടിച്ച സുരേന്ദ്രന്‍ മുകേഷ് രാജിവയ്ക്കണമെന്നു തന്നെയാണ് ബിജെപിയുടെ നിലപാടെന്നും പറഞ്ഞു. കൊല്ലത്തും തിരുവനന്തപുരത്തും ഇതാവശ്യപ്പെട്ട് ബിജെപി സമരം നടത്തി. അതില്‍ നിന്ന് ബിജെപി പിന്നോട്ടില്ല.
ചലച്ചിത്ര നടന്‍, കേന്ദ്രമന്ത്രി എന്നീ നിലകളില്‍ സുരേഷ് ഗോപിക്ക് അഭിപ്രായം ഉണ്ടായിരിക്കാം. പക്ഷേ പാര്‍ട്ടിക്ക് പാര്‍ട്ടിയുടേതായ നിലപാടുണ്ട്. മൂര്‍ത്തമായ രാഷ്ട്രീയ പ്രശ്‌നമാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. വിഷയത്തില്‍ പാര്‍ട്ടി നിലപാട് മുകേഷ് രാജിവയ്ക്കണമെന്ന് തന്നെയാണ്.
രഞ്ജിത്തും സിദ്ദിഖും രാജിവച്ചിട്ടുണ്ടെങ്കില്‍ നിയമസഭാ സാമാജികനായ മുകേഷും പുറത്ത് പോകണം. സ്ത്രീ പീഡനത്തിന്റെ അപ്പോസ്‌തോലനായ മുകേഷിനെ ഉള്‍പ്പെടുത്തി കോണ്‍ക്ലേവ് നടത്താനുള്ള നീക്കം സമ്മതിക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കേരളത്തിലെ ഏക ബിജെപി ലോകസഭാ അംഗത്തിനെതിരെ സംസ്ഥാന നേതൃത്വം തന്നെ രംഗത്ത് വന്നത് പാര്‍ട്ടിക്കുള്ളില്‍ വലിയ രാഷ്ട്രീയ വിഷയമായി മാറിയിരിക്കുകയാണ്. സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിയായി നിയമിച്ചതു മുതല്‍ സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയുണ്ട്. സുരേഷ് ഗോപിയുടെ പല നിലപാടുകളും പാര്‍ട്ടി വിരുധമാണെന്നാണ് നേതൃത്വത്തിന്റെ കാഴ്ചപ്പാട്. സിനിമയ്ക്കുവേണ്ടി മന്ത്രി സ്ഥാന തന്നെ നഷ്ടമായാല്‍ അത് അനുഗ്രഹമാണെന്ന് പറഞ്ഞ സുരേഷ് ഗോപി മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ലെന്ന അഭിപ്രായമാണ് സംസ്ഥാന നേതൃത്വത്തില്‍ ഒട്ടുമിക്ക നേതാക്കള്‍ക്കും.