by webdesk1 on | 03-09-2024 09:01:50 Last Updated by webdesk1
കൊച്ചി: 2023 ലാണ് രാജ്യത്തെ ഏറ്റവും മൂല്യമുള്ള 2000 ത്തിന്റെ നോട്ടുകള്‍ പിന്‍വലിച്ചത്. ഇതിനു ശേഷം 2000 ത്തിന്റെ നോട്ടുകളുടെ വിനിമയം ക്രമേണ കുറഞ്ഞുവന്നു. ഇതുവരെ 97.96 ശതമാനം നോട്ടുകള്‍ ബാങ്കില്‍ തിരിച്ചെത്തിയതായാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്ക്. ബാക്കി നോട്ടുകളുടെ ജനങ്ങളുടെ കൈകളിലായുണ്ട്. 2024 ഓഗസ്റ്റ് 30 വരെ ആര്‍ബിഐ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഈ നോട്ടുകളുടെ 7,261 കോടി രൂപ മാത്രമാണ് പൊതുജനങ്ങളുടെ പക്കല്‍ അവശേഷിക്കുന്നത്.
ഇവ എത്രയും വേഗം ബാങ്കില്‍ തിരികെ എത്തിക്കുകയെന്നാണ് ആര്‍ബിഐ പറയുന്നത്. അതിന് കാരണമുണ്ട്. പിന്‍വലിക്കല്‍ പ്രഖ്യാപനത്തിന് ശേഷം പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളുടെ മൂല്യം ഗണ്യമായി കുറഞ്ഞു വരികെയാണ്. 2000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതായി പ്രഖ്യാപിച്ച 2023 മെയ് 19 ന് വ്യാപാരം അവസാനിച്ചപ്പോള്‍ 3.56 ലക്ഷം കോടി രൂപയായിരുന്ന 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം ഇപ്പോള്‍ 7,261 കോടി രൂപയായി കുറഞ്ഞു.
2023 ഒക്ടോബര്‍ 7 വരെ രാജ്യത്തുടനീളമുള്ള എല്ലാ ബാങ്ക് ശാഖകളിലും 2000 രൂപ നോട്ടുകള്‍ നിക്ഷേപിക്കുന്നതിനോ മാറ്റുന്നതിനോ ഉള്ള സൗകര്യം ആര്‍ബിഐ ഒരുക്കിയിരുന്നു. ഇതിന് ശേഷം ഈ നോട്ടുകള്‍ മാറ്റാനുള്ള സൗകര്യം ആര്‍ബിഐയുടെ 19 ഇഷ്യൂ ഓഫീസുകളില്‍ മാത്രമേ ലഭ്യമാകൂ. കൂടാതെ പൊതുജനങ്ങള്‍ക്ക് അവരുടെ 2000 രൂപ നോട്ടുകള്‍ അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതിനായി രാജ്യത്തെ ഏത് തപാല്‍ ഓഫീസില്‍ നിന്നും ആര്‍ബിഐ ഇഷ്യൂ ഓഫീസുകളിലേക്ക് ഇന്ത്യ പോസ്റ്റ് വഴി അയക്കാം.
അഹമ്മദാബാദ്, ബെംഗളൂരു, ബേലാപൂര്‍, ഭോപ്പാല്‍, ഭുവനേശ്വര്‍, ചണ്ഡീഗഡ്, ചെന്നൈ, ഗുവാഹത്തി, ഹൈദരാബാദ്, ജയ്പൂര്‍, ജമ്മു, കാണ്‍പൂര്‍, കൊല്‍ക്കത്ത, ലഖ്നൗ, മുംബൈ, നാഗ്പൂര്‍, ഡല്‍ഹി, പട്ന, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് 2000 രൂപ നോട്ടുകള്‍ നിക്ഷേപിക്കാനോ മാറ്റാനോ കഴിയുന്ന 19 ആര്‍ബിഐ ഓഫീസുകള്‍ സ്ഥിതി ചെയ്യുന്നത്. 1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കിയതിന് തൊട്ടുപിന്നാലെ 2016 നവംബറിലാണ് 2000 രൂപ നോട്ടുകള്‍ ആദ്യമായി അവതരിപ്പിച്ചത്.