by webdesk3 on | 09-04-2025 03:00:19 Last Updated by webdesk3
രാജ്യത്തെ തെരഞ്ഞെടുപ്പുകളില്‍ വോട്ടിംഗ് മെഷീന്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. വോട്ടിംഗ് മെഷീനുകള്‍ ഒഴിവാക്കി ബാലറ്റ് രീതിയിലേക്ക് രാജ്യം മടങ്ങണമെന്നാണ് അദ്ദേഹം ആവശ്യം ഉന്നയിച്ചിരിക്കുന്നത്. അഹമ്മദാബാദില്‍ എഐസിസി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഇതിന് പുറമെ കേന്ദ്രസര്‍ക്കാരിനെയും ഖാര്‍ഗെ രൂക്ഷമായി വിമര്‍ശിച്ചു. കൃത്രിമത്വം നടത്തിയതുകൊണ്ടാണ് മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ജയിക്കാനായത് എന്നാണ് ഖാര്‍ഗെ വ്യക്തമാക്കിയത്. കൂടാതെ കുത്തകകര്‍ക്ക് നേട്ടമുണ്ടാക്കുന്ന നയമാണ് മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മോദി സര്‍ക്കാര്‍ ജനാധിപത്യത്തെ അട്ടിമറിക്കുകയാണ്. ലോകം മുഴുവന്‍ ഇവിഎമ്മില്‍ നിന്ന് ബാലറ്റ് പേപ്പറിലേക്ക് മാറുകയാണ്. പക്ഷേ ഇപ്പോഴും രാജ്യത്ത് ഇവിഎമ്മുകള്‍ തന്നെയാണ് ഉപയോഗിക്കുന്നത്. ഇതെല്ലാം തട്ടിപ്പാണ് എന്നും അദ്ദേഹം പറഞ്ഞു
ജനാധിപത്യം, ഭരണഘടന എന്നിവയെ തകര്‍ക്കാന്‍ ബിജെപി ശ്രമിക്കുമ്പോള്‍ അതിനെതിരെ പോരാടണം. ബജറ്റ് സമ്മേളനങ്ങളില്‍ പ്രതിപക്ഷ നേതാവിന് സംസാരിക്കാന്‍ പോലും അവസരം കിട്ടിയില്ല എന്നും ഖാര്‍ഗെ ആരോപിച്ചു