by webdesk2 on | 12-04-2025 12:37:08 Last Updated by webdesk2
കൊച്ചി: വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് സുപ്രീം കോടതിയെ സമീപിക്കാനിരിക്കെ തടസഹരജി ഫയല്‍ ചെയ്ത് സംസ്ഥാന സര്‍ക്കാര്‍. പുനരധിവാസത്തിനായി ഭൂമി ഏറ്റെടുക്കുന്നതില്‍ സ്റ്റേ നടപടികള്‍ ഫയല്‍ ചെയ്യുന്നതിന് മുമ്പ് വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ടാണ് തടസഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.
മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായി എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ഭൂമി ഏറ്റെടുക്കുന്നതില്‍ തടസമില്ലെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. ഇതിനായി 17 കോടി രൂപ ഹൈക്കോടതി രജിസ്ട്രിയില്‍ അധികം കെട്ടിവെക്കണമെന്ന് സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരതുകയില്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി വിധി വന്നത്. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന്റേതാണ് ഉത്തരവ്. ഇടക്കാല സംവിധാനമെന്നുള്ള രീതിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
നേരത്തെ നിശ്ചയിച്ച 26 കോടി രൂപയ്ക്ക് പുറമേയാണ് 17 കോടി രൂപ കൂടി നല്‍കേണ്ടത്. എല്‍സ്റ്റണ്‍ എസ്റ്റേറ്റും ഹാരിസണ്‍സ് കമ്പനിയും നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. സുപ്രീം കോടതിയെ സമീപിക്കുമെന്നും ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് ഹര്‍ജി നല്‍കുമെന്നും എല്‍സ്റ്റണ്‍ എസ്റ്റേറ്റ് അറിയിച്ചു.
അതേസമയം, 549 കോടി രൂപ നഷ്ടപരിഹാരമായി വേണമെന്നതായിരുന്നു എസ്റ്റേറ്റിന്റെ ആവശ്യം. സര്‍ക്കാര്‍ നിശ്ചയിച്ച തുക അപര്യാപ്തമാണെന്നും എസ്റ്റേറ്റ് ഉടമ കോടതിയെ അറിയിച്ചിരുന്നു. സ്ഥലത്തിന്റെ ശരിയായ വിലയല്ല ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയതെന്നും എസ്റ്റേറ്റ് അധികൃതര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത്രയധികം രൂപ വളരെ കൂടുതലാണെന്നും ന്യായവില നിര്‍ണയവുമായി ബന്ധപ്പെട്ടാണ് തങ്ങള്‍ പണം നല്കുന്നതെന്നുമാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. ഇതിനായി 26 കോടി രൂപ നേരെത്തെ നീക്കി വെച്ചിരുന്നു. എന്നാല്‍ ന്യായ വിലയില്‍ മാറ്റം വന്നതോടെ ഈ തുക 49 കോടി രൂപയായി മാറിയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
ടൗണ്‍ഷിപ്പിനായി എല്‍സ്റ്റോണിലെ 64 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ 26,57,10769 രൂപ നഷ്ടപരിഹാരം നല്‍കിക്കൊണ്ട് ഏറ്റെടുക്കുമെന്ന് നേരത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചിരുന്നു.ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുന്നതിന് വൈത്തിരി താലൂക്ക് കല്‍പ്പറ്റ വില്ലേജില്‍ ബ്ലോക്ക് 19ല്‍ റീസര്‍വെ നമ്പര്‍ 88/ 158, 88/159, 88/62 88/66, 88/137 എന്നിവയില്‍പ്പെട്ട എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമിയിലെ 64.4075 ഹെക്ടറാണ് ഏറ്റെടുക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാകും തുക നല്‍കുകയെന്നും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.