by webdesk3 on | 13-04-2025 04:41:01 Last Updated by webdesk2
മാസപ്പടി കേസില്‍ സിപിഎം നേതാക്കളെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പിണറായി വിജയനെ ഭയന്നാണ് വീണയ്ക്ക് പല സിപിഎം നേതാക്കളും പിന്തുണ നല്‍കുന്നത് എന്നാണ് വിഡി സതീശന്‍ ഇപ്പോള്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. പിണറായിയെ ഭയന്ന് പല നേതാക്കന്മാരും മത്സരിച്ചാണ് വീണയ്ക്ക് പിന്തുണ നല്‍കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ ഒരു കേസ് വന്നപ്പോള്‍ ഈ നിലപാടായിരുന്നില്ല പാര്‍ട്ടി സ്വീകരിച്ചത് എന്നും വിമര്‍ശനം ഉന്നയിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. സിപിഐ നേതാക്കളെയും സതീശന്‍ വിമര്‍ശിച്ചു. അധികാരത്തിന്റെ കൂടെ നില്‍ക്കാം എന്ന സിപിഎം നേതാക്കളുടെ അതേ നിലപാട് തന്നെയാണ് ബിനോയ് വിശ്വവും ആദ്യം സ്വീകരിച്ചത്. പിന്നീട് പാര്‍ട്ടി യോഗം ചേര്‍ന്നപ്പോഴാണ് പുതിയ അഭിപ്രായം പറഞ്ഞത്.
അഭിപ്രായങ്ങള്‍ മാറ്റിക്കൊണ്ടിരിക്കുന്ന സിപിഐ നേതാക്കള്‍ക്ക് കാഴ്ചപ്പാടല്ല ഉള്ളത് ആഴ്ചപ്പാടാണ്. ഓരോ ആഴ്ചയിലും അവര്‍ നിലപാട് മാറ്റിക്കൊണ്ടിരിക്കുമെന്നും സതീശന്‍ പറഞ്ഞു.
വീണ വിജയതിനായി കേസ് വന്ന സ്ഥിതിക്ക് കേസിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജി വയ്ക്കണം. ഈ നിലപാട് തന്നെയാണ് പ്രതിപക്ഷം സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. സിപിഐ ഇതേ നിലപാട് സ്വീകരിച്ചാല്‍ പിന്തുണയ്ക്കാന്‍ തങ്ങള്‍ തയ്യാറാക്കുമെന്നും സതീശന്‍ പറഞ്ഞു