by webdesk2 on | 14-04-2025 07:16:02 Last Updated by webdesk2
കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മകളുമായി മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു. കണിയൊരുക്കിയും കൈനീട്ടം നല്‍കിയും നാടെങ്ങും ഉത്സവലഹരിയിലാണ്. പൂത്തുലഞ്ഞു നില്‍ക്കുന്ന കണിക്കൊന്നയും നിറഞ്ഞു കത്തുന്ന നിലവിളക്കും സമൃദ്ധിയുടെ പ്രതീക്ഷ പകരുന്ന ഒന്നാണ്. വിഷുപ്പുലരിയില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലും ശബരിമലയിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
മേടമാസം ഒന്നാം തീയതിയാണ് വിഷു. അതായത് പുതുവര്‍ഷാരംഭം. ചിങ്ങത്തില്‍ തുടങ്ങുന്ന മലയാളമാസത്തില്‍ മേടം ഒന്ന് എങ്ങനെ വര്‍ഷാരംഭമായി എന്നല്ലേ... അവിടെയാണ് വിഷുവും കൃഷിയും തമ്മിലുള്ള അഭേദ്യമായ ബന്ധം. പണ്ട്, എന്നുവച്ചാല്‍ വളരെ പണ്ട് നിലനിന്നിരുന്ന കാര്‍ഷിക കലണ്ടര്‍ പ്രകാരമാണ് മേടം ഒന്ന് വര്‍ഷാരംഭമായി കണക്കാക്കിയിരുന്നത്. അതുകൊണ്ട് തന്നെ വിഷുവിന് ആണ്ടുപിറപ്പ് എന്നൊരു ചെല്ലപ്പേരുകൂടിയുണ്ട്.
മേട മാസത്തിലെ വിഷുക്കണിയുടെ സൗഭാഗ്യം വര്‍ഷം മുഴുവന്‍ നിലനിക്കുമെന്നാണ് വിശ്വാസം. കോടിമുണ്ടും, അഷ്ടമംഗല്യവും വാല്‍ക്കണ്ണാടിയും ഐശ്വര്യത്തിന്റെ പ്രതീകങ്ങളാണ്. കണി കണ്ടുകഴിഞ്ഞാല്‍ പിന്നെ അടുത്ത ചടങ്ങാണ് കൈനീട്ടം നല്‍കുക എന്നത്. കണി കണ്ടതിനുശേഷം ഗൃഹനാഥനാണ് കുടുംബാംഗങ്ങള്‍ക്ക് വിഷുക്കൈനീട്ടം നല്‍കുന്നുത്. ആദ്യകാലങ്ങളില്‍ സ്വര്‍ണ്ണം, വെള്ളി എന്നിവയില്‍ ഉണ്ടാക്കിയ നാണയങ്ങളാണ് നല്‍കിയിരുന്നത്.
ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടാണെങ്കില്‍ വിഷു വേനല്‍ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ് ആചരിക്കുന്നത് വിഷു സദ്യക്ക് മുന്‍പായി നിലം ഉഴുതുമറിച്ച് ചാലിടീല്‍ നടത്തുന്നു. സദ്യ കഴിഞ്ഞ് കൈക്കോട്ട് കഴുകി കുറി വരച്ച് വീടിന്റെ കിഴക്ക് പടിഞ്ഞാറ് ഭാഗത്ത് കൊത്തിക്കിളച്ച് കുഴിയെടുത്ത് നവധാന്യങ്ങള്‍ വിതക്കുന്നു. വിഷുക്കരിക്കല്‍, വിഷുവേല, വിഷുവെടുക്കല്‍, പത്താമുദയം എന്നിവ വിഷുവിനോട് അനുബന്ധിച്ച് നടക്കുന്ന ആചാരങ്ങളാണ്. വിഷുവിനോടനുബന്ധിച്ച് മാറ്റച്ചന്തകളുമുണ്ട്. നാണയമില്ലാതെ കച്ചവടം നടത്തിയിരുന്ന പഴയകാലത്തിന്റെ ഓര്‍മപുതുക്കലാണ് മാറ്റച്ചന്തകള്‍. വിഷുവുമായി ബന്ധപ്പെട്ട് ഐതിഹ്യങ്ങളും പലതുണ്ട്. ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ച ദിവസമാണ് വിഷുമെന്നും രാവണന് മേല്‍ രാമന്‍ നേടിയ വിജയമാണ് വിഷുവെന്നും രാവണന്റെ കൊട്ടാരത്തില്‍ വെയില്‍ തട്ടിയത് ഇഷ്ടപ്പെടാതെ സൂര്യന്‍ നേരെ ഉദിക്കാന്‍ രാവണന്‍ സമ്മതിച്ചില്ലെന്നും രാവണനെ രാമന്‍ വധിച്ചശേഷമാണ് സൂര്യന്‍ നേരെ ഉദിച്ചതാണ് വിഷുവായി ആഘോഷിക്കുന്നതെന്നും മറ്റൊരു വിശ്വാസം ഉണ്ട്. ഏത് വേനലിലും നിറയെ പൂക്കുന്ന കണിക്കൊന്ന ഒരു പ്രതീക്ഷയാണ്. കഷ്ടതയുടെ കാലം മാറി സമൃദ്ധിയുടെ, ഐശ്വര്യത്തിന്റെ സമാധാനത്തിന്റെ പുലരിയിക്കായുള്ള പ്രതീക്ഷ.