by webdesk2 on | 15-04-2025 11:00:28 Last Updated by webdesk3
തൃശൂര്‍: അതിരപ്പിള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട രണ്ട് പേര്‍ കൊല്ലപ്പെട്ടു. വാഴച്ചാല്‍ ശാസ്താം പൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് മരിച്ചത്. അതിരപ്പള്ളി വഞ്ചികടവില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കുടില്‍കെട്ടി പാര്‍ക്കുകയായിരുന്നു ഇവര്‍ അടങ്ങുന്ന കുടുംബം. മൂന്നു കുടുംബങ്ങളാണ് ഇവിടെയുണ്ടായിരുന്നത്.
അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപത്തുള്ള വഞ്ചിക്കടവില്‍ വച്ചാണ് ഇവര്‍ക്കു നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്. ഇവര്‍ക്കുനേരെ കാട്ടാനകൂട്ടം പാഞ്ഞടുത്തപ്പോള്‍ ചിതറിയോടുകയായിരുന്നു. മുന്നിലകപ്പെട്ട സതീഷനെയും അംബികയെയും കാട്ടാന ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. രാവിലെ നടത്തിയ തിരച്ചിലിലാണ് അംബികയെയും സതീഷിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആന ചവിട്ടിയാണോ ഇവരുടെ മരണം സംഭവിച്ചിരിക്കുന്നത് എന്ന കാര്യത്തില്‍ നിലവില്‍ വ്യക്തത വന്നിട്ടില്ലെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്ന ശേഷമേ അതില്‍ വ്യക്തത വരൂ എന്നും ഡിഎഫ്ഒ വ്യക്തമാക്കി. നിലവില്‍ പൊലീസ് എത്തി നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മറ്റ് കുടുംബാംഗങ്ങളെ വനംവകുപ്പ് അധികൃതര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
അതിരപ്പിള്ളിയില്‍ 48 മണിക്കൂറിനിടെ മൂന്ന് മരണങ്ങളാണ് കാട്ടാന ആക്രമണത്തില്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം അടിച്ചില്‍തോട്ടില്‍ സ്വദേശി തമ്പാന്റെ മകന്‍ സെബാസ്റ്റ്യനും കാട്ടാന ആക്രമണത്തില്‍ മരണപ്പെട്ടിരുന്നു. സമാനമാസ സാഹചര്യത്തില്‍ തേന്‍ ശേഖരിച്ച് മടങ്ങുമ്പോഴായിരുന്നു സെബാസ്റ്റ്യന് നേരെ കാട്ടാന പാഞ്ഞടുത്തത്.