by webdesk2 on | 15-04-2025 02:43:28
മുതലപ്പൊഴിയിലെ പ്രതിസന്ധിയില്‍ സംയുക്ത സമരസമിതിയുമായി നാളെ മന്ത്രിതല ചര്‍ച്ച നടത്തും. മത്സ്യത്തൊഴിലാളികളെ കൊല്ലത്തേക്ക് മാറ്റുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ എതിര്‍പ്പും ആശങ്കയും ചര്‍ച്ചയില്‍ അറിയിക്കും. ഈസ്റ്ററിന് ശേഷം അനിശ്ചിതകാല സമരത്തിലേക്ക് കടക്കാനാണ് സമരസമിതിയുടെ തീരുമാനം.
അതേസമയം മുതലപ്പൊഴി അഴിമുഖത്ത് മണല്‍ അടിഞ്ഞുള്ള പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് ഹാര്‍ബര്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസിലേക്ക് ഐ.എന്‍.ടി.യു.സിയും, സി.ഐ.ടി.യുവും മാര്‍ച്ച് നടത്തി. ഓഫീസിന്റെ ഗേറ്റ് പൂട്ടി റീത്ത് വച്ചായിരുന്നു ഐ.എന്‍.ടി.യു.സിയുടെ പ്രതിഷേധം. മന്ത്രിയുടെ വസതിക്ക് മുന്‍പിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധം നടത്തി.
മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തിന് പിന്നാലെ മണല്‍ നീക്കം ഇരട്ടിയാക്കാന്‍ കരാറുകാരന് നിര്‍ദേശം നല്‍കി. മണല്‍ നീക്കത്തിന് കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കാനും ധാരണയായി. അതിനായി മാരിടൈം ബോര്‍ഡിന്റെ ഡ്രഡ്ജര്‍ കൂടി മുതലപ്പൊഴിയില്‍ എത്തിക്കും. കൂടുതല്‍ കമ്പനികള്‍ക്ക് കരാര്‍ നല്‍കാന്‍ നടപടികള്‍ തുടങ്ങി. നിലവില്‍ ഒരു ദിവസം നീക്കുന്നത് 2,000 ക്യുബിക് മീറ്റര്‍ മണല്‍ മാത്രമാണ്.