by webdesk3 on | 15-04-2025 06:29:31 Last Updated by webdesk2
ആതിരപ്പള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിനെ ഗുരുതരമായി പരിക്കേറ്റിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആനയുടെ ചവിട്ടേറ്റാണ് സതീഷ് കൊല്ലപ്പെട്ടത് എന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ആനയുടെ ചവിട്ടില്‍ സതീഷിന്റെ വാരിയെല്ലുകള്‍ ഒടിയുകയും ശ്വാസകോശത്തിലും കരളിലും വാരിയെലുകള്‍ തുളച്ചുകയറുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്ന് രക്തം വാര്‍ന്നാണ് സതീഷ് മരിച്ചത് എന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
താലൂക്ക് ആശുപത്രിയില്‍ വച്ചായിരുന്നു സതീഷിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
സതീഷിനൊപ്പം കൊല്ലപ്പെട്ട അംബികയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ നടന്നു വരികയാണ്. അംബികയുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കാട്ടാനയുടെ ആക്രമണത്തില്‍ ആണോ കൊല്ലപ്പെട്ടത് എന്ന് അറിയാന്‍ സാധിക്കു.
ഇവര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ സംസ്ഥാനത്ത് വലിയ പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്. അംബികയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തന പ്രതിഷേധം രേഖപ്പെടുത്തി.