by webdesk2 on | 16-04-2025 12:54:01 Last Updated by webdesk2
കൊല്ലം: കരുനാഗപ്പള്ളി താച്ചിയില്‍ മുക്കില്‍ ഗുണ്ടാനേതാവ് ജിം സന്തോഷിനെ വീട് കയറി വെട്ടിക്കൊന്ന കേസിലെ മുഖ്യ പ്രതി അലുവ അതുല്‍ പിടിയിലായി. കൊലപാതകത്തിന് ശേഷം തമിഴ്‌നാട്ടിലേക്ക് കടന്ന ഇയാളെ തമിഴ്‌നാട്ടിലെ തിരുവള്ളൂരില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. കരുനാഗപ്പള്ളി പൊലീസും ഡാന്‍സാഫ് ടീമും ചേര്‍ന്നാണ് അലുവ അതുലിനെ പിടികൂടിയത്.
കൊലപാതകത്തിന് ശേഷം ആലുവയിലേക്ക് കടന്ന അലുവ അതുല്‍ പിന്നീട് കുടുംബത്തെ ഉപേക്ഷിച്ച് മറ്റൊരു വാഹനത്തില്‍ കയറി രക്ഷപ്പെടുകയായിരുന്നു. തൃശൂരില്‍ വെച്ച് വാടകയ്ക്ക് വാഹനം എടുത്തതിന് ശേഷം ഇയാള്‍ തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്നു. കരുനാഗപ്പള്ളി പൊലീസും ഡാന്‍സാഫ് സംഘവും പ്രതി തമിഴ്‌നാട്ടില്‍ ഉണ്ടെന്ന സൂചന ലഭിച്ചതിനെത്തുടര്‍ന്ന് തിരുവള്ളൂരില്‍ പരിശോധനകള്‍ ആരംഭിച്ചിരുന്നു. ഇവിടെ ഒരു ക്ഷേത്രത്തിന് സമീപം ഇയാള്‍ രഹസ്യമായി കഴിയുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
ജിം സന്തോഷിനെ കൊലപ്പെടുത്തിയതിന് ശേഷം മടങ്ങിപോകുന്നതിനിടയില്‍ ഇതേ കേസിലെ മറ്റൊരു പ്രതിയായ അനീറിനെ വവ്വാക്കാവില്‍വെച്ച് വെട്ടിയതും ഇയാള്‍ തന്നെയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അലുവ അതുലിനെ കൂടി കണ്ടെത്താനായതോടെ കേസിലെ മുഴുവന്‍ പ്രതികളെയും പൊലീസിന് പിടികൂടാനായി.