by webdesk2 on | 17-04-2025 09:25:13 Last Updated by webdesk2
കൊച്ചിയിലെ ആശുപത്രിയില്‍ ഉപേക്ഷിച്ചുപോയ കുഞ്ഞിനെ ഏറ്റെടുക്കാമെന്ന് ഝാര്‍ഖണ്ഡ് സ്വദേശികളായ മാതാപിതാക്കള്‍.എറണാകുളം നോര്‍ത്ത് പൊലീസിനെയാണ് മാതാപിതാക്കള്‍ നിലപാട് അറിയിച്ചത്. കുഞ്ഞിനെ വിഡിയോ കോള്‍ വഴി കണ്ടതിന് ശേഷമാണ് മാതാപിതാക്കള്‍ തീരുമാനം അറിയിച്ചത്.
നിലവില്‍ കുഞ്ഞ് അങ്കമാലി കറുകുറ്റി ശിശുഭവനിലാണ്. കേസുമായി ബന്ധപ്പെട്ട് എറണാകുളം നോര്‍ത്ത് പോലീസ് ബന്ധപ്പെട്ടപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യനില വീണ്ടെടുത്ത കുഞ്ഞിനെ എറണാകുളം ജനറല്‍ ആശുപത്രി സിഡബ്ല്യുസിക്ക് കൈമാറിയിരുന്നു. മാതാപിതാക്കളുടെ സാമ്പത്തിക ശേഷി കൂടി പരിഗണിച്ച് ശേഷമാകും സിഡബ്ല്യുസി തീരുമാനം എടുക്കുക.
ആരോഗ്യ മന്ത്രി നിധി എന്ന് പേരിട്ട കുഞ്ഞ് ഏഴാം മാസത്തിലാണ് ജനിച്ചത്. 950 ഗ്രാം തൂക്കമാണ് ആദ്യം ഉണ്ടായത്. ഒന്നരമസത്തിനിപ്പുറം 2.50കിലോയിലേക്ക് എത്തി പൂര്‍ണ ആരോഗ്യവതിയായാണ് ആശുപത്രിയില്‍ നിന്നുള്ള മടക്കം. എറണാകുളത്തെ സിഡബ്ല്യുസി കേന്ദ്രത്തില്‍ ആകും കുട്ടിയെ പാര്‍പ്പിക്കുക. എല്ലാ മാസവും ആരോഗ്യസ്ഥിതി പരിശോധിക്കുന്നുണ്ട്.
കോട്ടയം ഫിഷ് ഫാമില്‍ ജോലി ചെയ്തിരുന്ന ഝാര്‍ഖണ്ഡ് സ്വദേശികളായ മംഗളേശ്വര്‍-രഞ്ജിത ദമ്പതികളുടേതാണ് കുഞ്ഞ്. വിദഗ്ധ ചികിത്സയ്ക്കായി കുഞ്ഞിനെ ലൂര്‍ദ് ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെയാണ് മംഗളേശ്വറും രഞ്ജിതയും തിരികെ ഝാര്‍ഖണ്ഡിലേക്ക് പോയത്. പിന്നീട് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്നാണ് കുഞ്ഞിനെ ഏറ്റെടുക്കാനുള്ള തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്.