by webdesk2 on | 17-04-2025 02:00:37
തിരുവനന്തപുരം: റോഡിലെ നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കുന്നതില്‍ പുതിയ മാനദണ്ഡങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്. നിയമലംഘനം നടത്തിയതിന് വ്യക്തമായ തെളിവില്ലാതെ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് അനധികൃതമായി കേസെടുക്കാന്‍ പാടില്ലെന്നാണ് ഗതാഗത കമ്മീഷണര്‍ ഉത്തരവിട്ടത്. വ്യക്തമായ തെളിവുണ്ടെങ്കില്‍ മാത്രം കേസെടുക്കണമെന്നാണ് ഗതാഗത കമ്മീഷണറുടെ നിര്‍ദ്ദേശം. വാഹന ഉടമകളെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്നും ഗതാഗത കമ്മീഷണര്‍ നിര്‍ദേശത്തില്‍ പറയുന്നു.
സമീപകാലത്തായി വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിക്കാതെ ഫോട്ടോയെടുത്ത് വാഹനത്തിന് പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ല, ഡ്രൈവിംഗ് ലൈസന്‍സ് ഇല്ല എന്ന് തരത്തില്‍ മോട്ടോര്‍ വാഹന നിയമങ്ങളിലോ ചട്ടങ്ങളിലോ പ്രതിപാദിക്കാത്ത വിധം ഉദ്യോഗസ്ഥര്‍ കേസുകള്‍ എടുക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നിര്‍ദേശം നല്‍കിയത്. ഇത്തരത്തിലുള്ള നടപടി നിയമവിരുദ്ധമാണെന്ന് ഗതാഗത കമ്മീഷണര്‍ സര്‍ക്കുലറില്‍ പറയുന്നു.
മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഇത്തരം നിയമപരമല്ലാത്ത കേസുകള്‍ തയ്യാറാക്കി വാഹന ഉടമകളെ ബുദ്ധിമുട്ടിക്കരുത്. അടിസ്ഥാനരഹിതമായ കേസുകള്‍ എടുക്കുന്നതായി പൊതുജനങ്ങളുടെ പരാതി ലഭിച്ചാല്‍ അന്വേഷിച്ച് നിയമപരമല്ലാത്ത നടപടികള്‍ സ്വീകരിക്കുന്നത് കണ്ടാല്‍ അത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും ഗതാഗത കമ്മീഷണര്‍ വ്യക്തമാക്കി.