by webdesk3 on | 18-04-2025 03:20:43 Last Updated by webdesk3
തിരുവനന്തപുരത്ത് 108 ആംബുലന്‍സ് കിട്ടാതെ യുവതി മരിച്ച സംഭവത്തില്‍ പോലീസ് സ്വമേധയാ കേസെടുത്തു. വെള്ളറയില്‍ ആന്‍സി എന്ന യുവതിയാണ് ആംബുലന്‍സ് കിട്ടാതെ മരിച്ചത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.
വെള്ളറ ദേവി ആശുപത്രിയില്‍ നിന്ന് തിരുവനന്തപുര മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതിന് വേണ്ടിയായിരുന്നു 108 ആംബുലന്‍സിനെ വിളിച്ചത്. എന്നാല്‍ ആംബുലന്‍സ് വിട്ട് നല്‍കാത്തതിനാല്‍ യുവതിയെ കൃത്യസമയത്ത് ആശുപത്രിയിലേക്ക് മാറ്റാന്‍ സാധിച്ചില്ല. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ ആന്‍സി മരിക്കുകയായിരുന്നു.
ആന്‍സിയുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ ഇന്ന് നടക്കും. പ്ലേറ്റ്‌ലെറ്റ് അടക്കം കുറഞ്ഞ അവസ്ഥയിലായിരുന്നു ആന്‍സി ഉണ്ടായിരുന്നത്. കൂടാതെ ഓക്‌സിജന്‍ സൗകര്യമുള്ള ആംബുലന്‍സ് ആവശ്യമുള്ളതിനാല്‍ ആയിരുന്നു 108 നെ ആശ്രയിക്കാന്‍ തീരുമാനിച്ചത് എന്നാല്‍ ആംബുലന്‍സ് വിട്ടു നല്‍കാന്‍ തയ്യാറായില്ല.
പിന്നീട് ഒന്നരമണിക്കൂറിന് ശേഷം ഓക്‌സിജന്‍ ഇല്ലാത്ത സ്വകാര്യ ആംബുലന്‍സിനെ ആശ്രയിച്ചാണ് രോഗിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. എന്നാല്‍ ഈ യാത്രയ്ക്കിടെ ആന്‍സി മരിക്കുകയായിരുന്നു.
5 കിലോമീറ്ററിനുള്ളില്‍ ആംബുലന്‍സ് ഉണ്ടായിട്ടും ആന്‍സിക്ക് ആവശ്യമായ സഹായം ലഭിച്ചില്ലെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം ആനി പറയുന്നു. രോഗി സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിലാണ്. അതിനാലാണ് 108 എന്ന് ആംബുലന്‍സിന് ആശ്രയിച്ചത്. താന്‍ പറഞ്ഞിട്ടും ആംബുലന്‍സ് നല്‍കിയില്ല എന്നും മെമ്പര്‍ പറയുന്നു.