by webdesk2 on | 21-04-2025 09:49:59 Last Updated by webdesk3
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖപത്രമായ വീക്ഷണം. കോഴിക്കോട് ഡി.ഡി.സിയുടെ ഉദ്ഘാടന ചടങ്ങില്‍ ഫോട്ടോകളിലിടം പിടിക്കാന്‍ നേതാക്കള്‍ തമ്മിലുണ്ടായ ഉന്തും തള്ളിലുമാണ് വിമര്‍ശനം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ പരിപാടികളില്‍ ഇടിച്ചുകയറുന്നത് ട്രോള്‍ വിഡിയോ വൈറലായിരുന്നു. വാര്‍ത്തകളില്‍ പേരും പടവും എങ്ങനെയും വരുത്തുകയെന്ന നിര്‍ബന്ധബുദ്ധി നേതാക്കള്‍ക്ക് വേണ്ട എന്നാണ് താക്കീത്.
ഇടിച്ച് കയറിയല്ല മുഖം കാണിക്കേണ്ടത്... എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം. പരിപാടികളിലേക്ക് ഇടിച്ചുകയറിയും പിടിച്ചുതള്ളിയും അപകീര്‍ത്തിപ്പെടുത്തരുത്. പരിപാടി മഹത്തരമായിരുന്നാലും ഇത്തരക്കാര്‍ അതിനെ അപഹാസ്യമാക്കുന്നുവെന്നാണ് വീക്ഷണത്തിന്റെ മുഖപ്രസംഗത്തിലെ രൂക്ഷവിമര്‍ശനം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തിന്റെ നിലയ്ക്കും വിലയ്ക്കും ചേരാത്ത പ്രവര്‍ത്തികളാണ് ചിലപ്പോഴെങ്കിലും കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും വീക്ഷണം വിമര്‍ശിച്ചു.
ജനകീയ പരിപാടികളില്‍ നേതാക്കള്‍ സ്വയം നിയന്ത്രണവും അച്ചടക്കവും കാണിക്കാന്‍ മറക്കരുതെന്ന് മുഖപ്രസംഗം ഓര്‍മിപ്പിക്കുന്നു. ജനക്കൂട്ട പാര്‍ട്ടിയെന്നത് ജനാധിപത്യമായ വിശാലതയാണ്. അത് കുത്തഴിഞ്ഞ അവസ്ഥയാക്കരുത്. പരിപാടികള്‍ക്ക് പിന്നിലുള്ള അധ്വാനവും ത്യാഗവും ബൂത്ത് തലം മുതലുള്ള നേതാക്കള്‍ മനസിലാക്കി മാതൃകാപരമായി പെരുമാറണമെന്നും സമൂഹ മധ്യത്തില്‍ പ്രസ്ഥാനത്തെ പരിഹാസ്യമാക്കി മാറ്റുന്ന ഇത്തരം ഏര്‍പ്പാട് ഇനിയെങ്കിലും നമ്മള്‍ മതിയാക്കണമെന്നും വീക്ഷണം മുഖപ്രസംഗത്തില്‍ പറഞ്ഞു.