by webdesk3 on | 21-04-2025 12:27:45 Last Updated by webdesk2
പോലീസ് പരിശോധനയ്‌ക്കെത്തിയ ദിവസം താന്‍ ഹോട്ടലില്‍ എത്തിയത് വിദേശ മലയാളികളായ യുവതികളെ കാണാനെന്ന് ഷൈനിന്റെ മൊഴി . ഇതിന് പുറമെ താന്‍ മെത്താംഫിറ്റമിനും കഞ്ചാവും ഉപയോഗിക്കാറുണ്ട് എന്നും പോലീസിന് നല്‍കിയ മൊഴിയില്‍ ഷൈന്‍ ടോം ചാക്കോ വ്യക്തമാക്കുന്നു.
അന്നേദിവസം താന്‍ വേദാന്ത ഹോട്ടലില്‍ എത്തിയത് വിദേശ മലയാളികളായ യുവതികളെ കാണാന്‍ വേണ്ടിയാണ്. താന്‍ ഹോട്ടലില്‍ ഒരു മുറി എടുത്തിട്ടുണ്ടായിരുന്നു. സ്വന്തം കാശ് ചെലവാക്കിയാണ് മുറിയെടുത്തത്. അവരും ഹോട്ടലില്‍ മറ്റൊരു മുറിയെടുത്തു. തങ്ങള്‍ സ്ഥിരമായി ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നു. നേരില്‍ കാണാം എന്ന് കരുതിയാണ് അന്നേദിവസം ഹോട്ടലില്‍ എത്തിയത് എന്നും ഷൈന്‍ പറഞ്ഞു.
താന്‍ ലഹരി ഉപയോഗിക്കാറുണ്ട്. ഇതിനായി ഗൂഗിള്‍ പേ വഴി പണം നല്‍കിയിട്ടുണ്ട്. എന്നാല്‍ എപ്പോഴൊക്കെയാണ് പണം നല്‍കിയത് എന്ന കാര്യം ഓര്‍മ്മയില്ല എന്നും ഷൈന്‍ വ്യക്തമാക്കുന്നു.
എന്നാല്‍ അന്ന് ഹോട്ടല്‍ മുറിയില്‍ നിന്നും ഭയന്നതുകൊണ്ടുതന്നെയാണ് താന്‍ ഓടി രക്ഷപ്പെട്ടത്. പിതാവുമായി സാമ്പത്തിക തര്‍ക്കമുള്ളവര്‍ തന്നെ മര്‍ദ്ദിക്കാന്‍ വന്നു എന്നാണ് കരുതിയത്. ഹോട്ടല്‍ റിസപ്ഷനില്‍ വിളിച്ച് താന്‍ കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. എന്നാല്‍ അവരും ഒന്നും പറയാന്‍ തയ്യാറായില്ല. ഇതോടെ ഭയന്ന് താന്‍ ഓടുകയായിരുന്നു എന്നും ഷൈന്‍ പറഞ്ഞു
കൂടാതെ വിന്‍സി അലോഷ്യസിനോട് താന്‍ അപമര്യാദയായി പെരുമാറിയിട്ടില്ല. തമാശരൂപേണയാണ് താന്‍ അങ്ങനെ സംസാരിച്ചത് എന്നും ഷൈന്‍ പറയുന്നു.