by webdesk1 on | 09-09-2024 08:55:19
ടെക്‌സസ്: 20 വര്‍ഷത്തിനുള്ളില്‍ ചൊവ്വയില്‍ സ്വയം പര്യാപ്ത നഗരം. അതാണ് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് കാണുന്ന സ്വപ്നം. ഇതിന് മുന്നോടിയായുള്ള ആദ്യ ചുവടുവെപ്പ് നടത്താനൊരുങ്ങുകയാണ് ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്‌പേസ് എക്‌സ്. രണ്ട് വര്‍ഷത്തിനുള്ളില്‍ ആളില്ല സ്റ്റാര്‍ഷിപ്പുകള്‍ ചൊവ്വയിലേക്ക് അയക്കുമെന്ന് അദ്ദേഹം പറഞ്ഞു. മസ്‌കിന്റെ തന്നെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഗ്രഹാന്തരപര്യവേഷണങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് സ്റ്റാര്‍ഷിപ്പുകള്‍ അയക്കുന്നത്. ആളില്ലാപ്പേടകം വിജയകരമായി ചൊവ്വയിലിറക്കാനായാല്‍ നാലുവര്‍ഷത്തിനുള്ളില്‍ മനുഷ്യരെയും കൊണ്ടുള്ള സ്‌പെയ്‌സ് എക്‌സ് പേടകം അങ്ങോട്ടേക്കു കുതിക്കും. പിന്നീട് സ്റ്റാര്‍ഷിപ്പുകളുടെ എണ്ണം പടിപടിയായി വര്‍ധിപ്പിക്കും.
എല്ലാ അര്‍ഥത്തിലും മനുഷ്യരാശിയുടെ നിലനില്‍പ്പിന് ഇനി ഒരു ഗ്രഹത്തെമാത്രം ആശ്രയിച്ച് മുന്നോട്ടുപോകാനാവില്ലെന്ന് മസ്‌ക് എക്‌സില്‍ കുറിച്ചു. സാമ്പത്തികമായി ലാഭകരമായ പൂര്‍ണമായും പുനരുപയോഗിക്കാന്‍ കഴിയുന്ന റോക്കറ്റ് സ്‌പെയ്സ് എക്‌സ് വികസിപ്പിച്ചെന്നും മസ്‌ക് പറഞ്ഞു.
ജൂണില്‍ സ്റ്റാര്‍ഷിപ്പിന്റെ റോക്കറ്റ് അതിവേഗത്തില്‍ ബഹിരാകാശത്ത് നിന്നും മടങ്ങിയെത്തുകയും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇറങ്ങുകയും ചെയ്തു. ചന്ദ്രനിലേക്കും ബഹിരാകാശത്തേക്കും ചൊവ്വയിലേക്ക് വരെ ആളുകളെ എത്തിക്കുന്നതിനായി വന്‍തോതില്‍ ബഹിരാകാശ വാഹനങ്ങളില്‍ നിര്‍മിക്കാനാണ് സ്‌പെയ്‌സ് എക്‌സ് ഒരുങ്ങുന്നത്.