by webdesk1 on | 10-09-2024 09:09:04 Last Updated by webdesk1
കാലിഫോര്‍ണിയ: ഹാര്‍ഡ്വെയര്‍ അപ്ഗ്രേഡുകളോടെ ഐഫോണിന്റെ ഏറ്റവും പുതിയ സീരിസ് ആയ ഐഫോണ്‍ 16 ലോഞ്ച് ചെയ്തു. ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്സ് എന്നീ വേരിയന്റുകളാണ് ഈ സീരിസിലുള്ളത്. പുതിയ സീരിസില്‍ ഐഒഎസിന്റെ നൂതന പതിപ്പ് കൂടാതെ പുതിയ ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകളും ഉള്‍പ്പെടുന്നുണ്ട്.
ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകളുടെ മികച്ച പെര്‍ഫോമന്‍സിനായി ശക്തിയേറിയ പുതിയ എ18 ചിപ്പ്‌സെറ്റ് ആണ് ഐഫോണ്‍ 16 ലും 16 പ്ലസിലും ഉപയോഗിച്ചിരിക്കുന്നത്. മെച്ചപ്പെട്ട ക്യാമറ ശേഷി, ഗെയിമിങ് ശേഷി, സാറ്റലൈറ്റ് മെസേജിങ് സൗകര്യം, മികച്ച ബാറ്ററി എന്നിവയെല്ലാം ഇതോടെ ലഭിക്കും. ഐഫോണ്‍ 15 നേക്കാള്‍ 40 ശതമാനം വേഗമേറിയ എ18 ചിപ്പ്‌സെറ്റില്‍ എല്ലാ മോഡലുകളും പ്രവര്‍ത്തിക്കും.
48 എംപി ഫ്യൂഷന്‍ ക്യാമറയും, 12 എംപി അള്‍ട്രാ വൈഡ് ക്യാമറയുമാണ് ഐഫോണ്‍ 16 സ്റ്റാന്റേര്‍ഡ് മോഡലുകള്‍ക്കുള്ളത്. ക്യാമറ കണ്‍ട്രോള്‍ ബട്ടന്റെ സഹായത്തോടെ എളുപ്പത്തില്‍ ക്യാമറ വെര്‍ട്ടിക്കല്‍, ഹൊറിസോണ്ടല്‍ മോഡുകളില്‍ ഉപയോഗിക്കാം. ചിത്രം ഫോക്കസ് ചെയ്യാനും സൂം ചെയ്യാനും സോഫ്റ്റ് ടച്ച് മാത്രം മതി. സ്‌പേഷ്യല്‍ ഇമേജ് ക്യാപ്ചര്‍, റീ ഡിസൈന്‍ ചെയ്ത ഫോട്ടോ ആപ്പ് എന്നിവ പുതിയ ഐഒഎസ് 18ല്‍ ലഭ്യമാണ്.
ഇതുവരെ പുറത്തിറങ്ങിയവയില്‍ ഏറ്റവും വലിയ ഐഫോണ്‍ സ്‌ക്രീനുമായാണ് ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് മോഡലുകള്‍ എത്തുന്നത്. 6.3 ഇഞ്ച്, 6.9 ഇഞ്ച് സ്‌ക്രീന്‍ വലിപ്പം. കൂടാതെ നാല് കളര്‍ ഓപ്ഷനുമുണ്ട്. 48 എംപി ഫ്യൂഷന്‍ ക്യാമറ, 48 എംപി അള്‍ട്രാ വൈഡ് ക്യാമറ, 5 എക്‌സ് 12 എംപി ടെലിഫോട്ടോ ക്യാമറ എന്നിവയടങ്ങുന്ന ട്രിപ്പിള്‍ ക്യാമറാ സംവിധാനമാണ് പ്രോമാക്സിലുള്ളത്.
120 എഫ്പിഎസില്‍ 4കെ വീഡിയോ ചിത്രീകരിക്കാനും സ്ലോമോഷന്‍ വീഡിയോ ചിത്രീകരിക്കാനും എച്ച്ഡിആര്‍ വീഡിയോ റെക്കോര്‍ഡ് ചെയ്യാനുമുള്ള കഴിവ് ഐഫോണ്‍ 16 പ്രോ മോഡലുകള്‍ക്കുണ്ട്. മാത്രമല്ല മികച്ച സ്‌പേഷ്യല്‍ ഓഡിയോ റെക്കോര്‍ഡ് ചെയ്യാനും സാധിക്കും.
ഐ ഫോണ്‍ 15 പ്രോയേക്കാള്‍ കുറഞ്ഞ വിലയിലാണ് 16 പ്രോ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഐഫോണ്‍ 16 പ്രോ 1,19,900 രൂപയിലാണ് ആരംഭിക്കുക. ഇത് ഐഫോണ്‍ 15 പ്രോയുടെ പ്രാരംഭ വിലയായ 1,34,900 രൂപയേക്കാള്‍ 15,000 രൂപ കുറവാണ്.
ഐഫോണ്‍ 16 ന്റെ് 128 ജിബി സ്റ്റോറേജുള്ള അടിസ്ഥാന മോഡലിന് 79,900 രൂപയും 256 ജിബി സ്റ്റോറേജിന് 89,900 രൂപയും 512 ജിബി സ്റ്റോറേജ് വേരിയന്റുകള്‍ക്ക് 1,09,900 രൂപയുമാണ് വില.
വലിയ ഐഫോണ്‍ 16 പ്ലസ് മോഡല്‍ 128 ജിബി മോഡലിന് 89,900 രൂപയും 256 ജിബി വേരിയന്റിന് 99,900 രൂപയുമാണ് വില. ഉപഭോക്താക്കള്‍ക്ക് 512 ജിബി സ്റ്റോറേജുള്ള ഹാന്‍ഡ്സെറ്റ് 1,19,900 രൂപയ്ക്ക് വാങ്ങാനും കഴിയും.
ഐഫോണ്‍ 16 പ്രോ 128 ജിബി മോോഡലിന് 1,19,900 രൂപയാണ് വില. 256 ജിബി, 512ജിബി, 1ടിബി മോഡലുകള്‍ യഥാക്രമം 1,29,990, 1,49,900, 1,69,900 എന്നിങ്ങനെയാണ് വില.
ഐഫോണ്‍ 16 പ്രോ മാക്സ് 256 ജിബി മോഡലിന് 1,44,900 രൂപയും, 512 ജിബിക്ക് 1,64,900 രൂപയുമാണ്. അതേസമയം, 1ടിബി സ്റ്റോറേജുള്ള ഐഫോണ്‍ 16 പ്രോ മാക്സ് മോഡലിന്റെ വില 1,84,900 ആണ്.
ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ് എന്നിവ കറുപ്പ്, പിങ്ക്, ടീല്‍, അള്‍ട്രാമറൈന്‍, വെള്ള എന്നീ നിറങ്ങളില്‍ ലഭ്യമാണ്. സെപ്റ്റംബര്‍ 13 മുതല്‍ പ്രീഓര്‍ഡര്‍ ആരംഭിക്കും. സെപ്റ്റംബര്‍ 20 ന് ഇന്ത്യയിലെ ആപ്പിളിന്റെ ഓണ്‍ലൈന്‍ സ്റ്റോര്‍ വഴി ഫോണുകള്‍ വില്‍പനയ്ക്കെത്തും. സെപ്റ്റംബര്‍ 20 മുതല്‍ എല്ലാ ഷോറൂമുകളിലും ഫോണ്‍ വില്‍പ്പനയ്‌ക്കെത്തും.