by webdesk1 on | 12-09-2024 08:38:08
ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ ഭക്ഷണത്തിന് വലിയൊരു പങ്കുണ്ട്. ഇതിനായി ആരോഗ്യപ്രദമായ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താനും ശ്രദ്ധിക്കേണ്ടതുണ്ട്. അത്തരത്തില്‍ നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു ഫലമാണ് പപ്പായ.
ഇതില്‍ വിറ്റാമിനുകളായ സി, ബി, ഇ, പൊട്ടാസ്യം, മഗ്നീഷ്യം, ഫൈബര്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. രാവിലെ വെറും വയറ്റില്‍ പപ്പായ കഴിക്കുന്നതുകൊണ്ട് നിരവധി ഗുണങ്ങളുണ്ട്. ഇങ്ങനെ പപ്പായ കഴിക്കുന്നത് ദഹനപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കും. മലബന്ധത്തെ അകറ്റാനും ഗുണം ചെയ്യും.
വിറ്റാമിന്‍ കെ അടങ്ങിയ പപ്പായ എല്ലുകളുടെ ആരോഗ്യം ശക്തിപ്പെടുത്തും. വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നതിനാല്‍ പപ്പായ ചര്‍മത്തിന് തിളക്കവും യുവത്വവും പ്രദാനം ചെയ്യാന്‍ സഹായിക്കും.
ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഒന്നാണ് പപ്പായ. ഫൈബര്‍, പൊട്ടാസ്യം, ആന്റി ഓക്സിഡന്റുകള്‍ തുടങ്ങിയവയാണ് ഇതിന് സഹായിക്കുന്നത്. കലോറി കുറവും നാരുകള്‍ കൂടുതലുമായ പപ്പായ വെറും വയറ്റില്‍ കഴിക്കുന്നത് നിങ്ങളുടെ വിശപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
രോഗപ്രതിരോധസംവിധാനത്തെ ശക്തിപ്പെടുത്താനും പപ്പായ കഴിക്കാം. ഇതിലുള്ള വിറ്റാമിന്‍ സിയാണ് ഇതിന് സഹായിക്കുന്നത്. പഞ്ചസാര കുറവുള്ള, ഫൈബര്‍ ധാരാളം അടങ്ങിയ ഒരു ഫലം കൂടിയാണിത്. ഇത് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഗുണം ചെയ്യും. പപ്പായ വെറും വയറ്റില്‍ കഴിക്കുന്നത് ദിവസം മുഴുവന്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിര്‍ത്താനും ഉപകരിക്കും.