by webdesk1 on | 13-10-2024 08:42:47
ഹൈദരാബാദ്: മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തില്‍ ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യില്‍ ഇന്ത്യയ്ക്ക് ഉജജ്വല വിജയം. 40 പന്തിലെ സഞ്ജുവിന്റെ സെഞ്ചുറി വെടിക്കെട്ട് ഉള്‍പ്പടെ 298 റണ്‍സ് അടിച്ചു കൂട്ടിയ ഇന്ത്യ ബംഗ്ലദേശിനെ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 164 ല്‍ പിടിച്ചുകെട്ടി. ഇതോടെ പരമ്പരയിലെ മൂന്ന് മത്സരങ്ങളും വിജയച്ച് ഇന്ത്യ കിരീടം സ്വന്തമാക്കി.
സഞ്ജു സാംസണും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും തീര്‍ത്ത വെടിക്കെട്ട് ബാറ്റിങ്ങിനെ തുടര്‍ന്ന് ബംഗ്ലാദേശിന് പൊരുതി നോക്കാന്‍ പോലും കഴിയാത്ത കണക്കിലേക്ക് സ്‌കോര്‍ എത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 298 റണ്‍സ് എന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലദേശിന് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുക്കാന്‍ മാത്രമാണു സാധിച്ചത്.
ഇന്ത്യ മൂന്നാംമാച്ചിലും വിജയം നേടിയതോടെ പരമ്പര ഇന്ത്യന്‍ യുവ നിര തൂത്തുവാരി. ടി20യിലെ ആദ്യ സെഞ്ച്വറി തികച്ച സഞ്ജു സാംസണാണു കളിയിലെ താരം. നേരത്തെ നടന്ന ടെസ്റ്റ് പരമ്പരയിലും എല്ലാ ഇന്നിംഗ്സുകളും തോറ്റാണ് ബംഗ്ലദേശ് മടങ്ങുന്നത്.
ഓപ്പണറായി ഇറങ്ങിയ സഞ്ജു 47 പന്തില്‍ നിന്നാണ് സെഞ്ച്വറിയടക്കം 111 റണ്‍സെടുത്തത്. 40 പന്തുകളില്‍ നിന്നായിരുന്നു സഞ്ജുവിന്റെ ട്വന്റി20 രാജ്യാന്തര കരിയറിലെ ആദ്യ സെഞ്ചറി. എട്ട് സിക്സറുകളും 11 ഫോറുകളും സഞ്ജു ഹൈദരാബാദിലെ സ്റ്റേഡിയത്തില്‍ അടിച്ചുകൂട്ടി.
35 പന്തുകള്‍ നേരിട്ട സൂര്യകുമാര്‍ യാദവ് 75 റണ്‍സെടുത്തു. പതിമൂന്ന് പന്തില്‍ നിന്ന് റിയാന്‍ പരാഗ് 34 ഉം 18 പന്തില്‍ നിന്ന് 47 റണ്‍സ് എടുത്ത ഹര്‍ദിക് പാണ്ഡ്യ എന്നിവരും തിളങ്ങി. നാല് പന്തില്‍ നിന്നായി നാല് റണ്‍സെടുത്ത ഓപ്പണര്‍ അഭിഷേക് ശര്‍മയാണ് ഇന്ത്യന്‍ നിരയില്‍ ആദ്യം പുറത്തായത്.