by webdesk1 on | 13-10-2024 11:01:38
തിരുവനന്തപുരം: രാജ്യത്തെ മദ്രസകള്‍ അടച്ചുപൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം വലിയ തോതിലുള്ള പ്രതിഷേധത്തിനാണ് ഇടയാക്കിയിട്ടുള്ളതെങ്കിലും കേരളത്തില്‍ അത് നടപ്പായേക്കില്ലെന്നാണ് വിലയിരുത്തല്‍. കേരളത്തിലെ സാഹചര്യത്തിന് വിഭിന്നമായ പ്രവര്‍ത്തന രീതി തന്നെയാണ് ഇത്തരമൊരു വിലയിരുത്തലിന് കാരണം. എന്നാല്‍ ഒരു കേന്ദ്ര നിയമം പാസാക്കിയാല്‍ അത് എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരുപോലെ ബാധകമാക്കണമെന്ന നിര്‍ദേശവും മറ്റ് ചില കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.
ഉത്തരേന്ത്യയിലേയും കേരളത്തിലേയും സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. മദ്രസ എന്ന് പേരുണ്ടെങ്കിലും രണ്ടിടത്തേയും പ്രവര്‍ത്ത രീതികള്‍ വ്യത്യസ്തമാണ്. മിക്കവാറും രാവിലെ മാത്രം പ്രവര്‍ത്തിക്കുന്ന പ്രാഥമിക മതവിദ്യാഭ്യാസ സ്ഥാപനങ്ങളാണ് മദ്രസ എന്ന് അറിയപ്പെടുന്നത്. ഔപചാരിക വിദ്യാഭ്യാസത്തിന് പ്രാധാന്യം കൊടുക്കുന്നതിനാല്‍ സമയക്രമം അനുസരിച്ച് ചിലയിടങ്ങളില്‍ വൈകുന്നേരങ്ങളിലും മദ്രസകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കേരളത്തിലേത് പോലുള്ള മദ്രസകള്‍ ഉത്തരേന്ത്യയില്‍ മഖതബ് എന്നാണ് അറിയപ്പെടുന്നത്. കേരളത്തിന് പുറത്ത് മദ്രസകള്‍ എന്നാല്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ്. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനായി മദ്രസ ബോര്‍ഡുകളുമുണ്ട്. ഇത്തരം മദ്രസ ബോര്‍ഡുകള്‍ പിരിച്ചുവിടണമെന്നാണ് ബാലാവകാശ കമ്മിഷന്റെ നിര്‍ദേശം.
കേരളത്തില്‍ സര്‍ക്കാര്‍ സഹായത്തോടെ മദ്രസ ബോര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നില്ല. പാഠപുസ്തകം പുറത്തിറക്കാനും പരീക്ഷ നടത്താനും വിവിധ സംഘടനകള്‍ക്ക് ഏകീകൃത സംവിധാനം ഉണ്ടെങ്കിലും മദ്രസകള്‍ പ്രവര്‍ത്തിക്കുന്നത് പ്രാദേശിക മഹല്ലുകള്‍ക്ക് കീഴിലാണ്. മഹല്ലുകള്‍ തന്നെയാണ് മദ്രസ അധ്യാപകര്‍ക്കുള്ള ശമ്പളം കണ്ടെത്തി നല്‍കുന്നത്. പുതിയ നിര്‍ദേശം മദ്രസാ വിദ്യാഭ്യാസ ബോര്‍ഡുകളുടെ കീഴില്‍ വരുന്ന മദ്രസകളെയാണ് നേരിട്ട് ബാധിക്കുക എന്നതിനാല്‍ തന്നെ കേരളത്തില്‍ ഇത് ഒരു തരത്തിലും സ്വാധീനം ചെലുത്തില്ലെന്നാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.
മദ്രസാ അധ്യാപകര്‍ക്കായി സര്‍ക്കാര്‍ ക്ഷേമനിധി ഉണ്ടെങ്കിലും ക്ഷേമനിധിയില്‍ അംഗങ്ങളായ മദ്രസ മാനേജ്‌മെന്റും മദ്രസയിലെ അധ്യാപകരും പണം അടക്കേണ്ടതുണ്ട്. സര്‍ക്കാര്‍ ട്രഷറികളില്‍ സൂക്ഷിക്കുന്ന ഈ പണത്തിന് പലിശ പോലും വാങ്ങാറില്ല. ക്ഷേമനിധിയില്‍ സര്‍ക്കാര്‍ വിവിഹതമുണ്ടെന്ന ആരോപണമുണ്ടെങ്കിലും ക്ഷേമനിധി രൂപീകരിച്ച് നല്‍കിയപ്പോള്‍ കോര്‍പ്പസ് ധനം നല്‍കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേരളത്തിലെ മദ്രസകളെ കേന്ദ്ര നിര്‍ദേശം ബാധിക്കില്ലെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ രാജ്യത്തൊരു നിയമം നടപ്പാക്കുമ്പോള്‍ അതില്‍ ഒരു സംസ്ഥാനത്തേയും ഒഴിവാക്കരുതെന്ന അഭിപ്രായവും ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്. മദ്രസപഠനം ഔപചാരിക വിദ്യാഭ്യാസം നേടുന്നതിന് തടസ്സമാകുന്നുവെന്ന് കാട്ടിയാണ് ബാലാവകാശ കമ്മീഷന്‍ മദ്രാസകള്‍ അടച്ചുപൂട്ടണമെന്ന നിര്‍ദേശം മുന്നോട്ട് വച്ചത്. അതോടൊപ്പം സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നത് നിര്‍ത്തലാണക്കണമെന്നും കമ്മീഷന്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ പറയുന്നുണ്ട്.
അതേസമയം, മദ്രസകള്‍ക്കെതിരെയുള്ള ബാലാവകാശ കമ്മീഷന്റെ നടപടി വിവിദ രാഷ്ട്രായ കക്ഷി നേതാക്കള്‍ പ്രതികരണവുമായി രംഗത്തെത്തി. ഭരണഘടനാവിരുദ്ധവും മതനിരപേക്ഷ ഉള്ളടക്കത്തിന് യോജിക്കാത്തതാണ് കമ്മീഷന്റെ നടപടിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. മതധ്രുവീകരണത്തിനുള്ള പ്രവര്‍ത്തനമാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മദ്രസകള്‍ക്കുള്ള സര്‍ക്കാര്‍ സഹായം നിര്‍ത്തലാക്കാനുള്ള നിര്‍ദേശം മുസ്‌ലിംകളെ അപരവല്‍ക്കരിക്കാനുള്ള സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും വ്യക്തമാക്കി. അപകടകരമായ ഈ നീക്കത്തില്‍ നിന്ന് ബാലവകാശ കമ്മിഷന്‍ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.