by webdesk1 on | 08-11-2024 09:11:58
ഡര്‍ബന്‍: രാജ്യാന്തര ട്വന്റി 20 ക്രിക്കറ്റില്‍ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയുമായി മലയാളി താരം സഞ്ജു സാംസണ്‍. ഡര്‍ബനില്‍ നടക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ട്വന്റി 20 മത്സരത്തിലാണ് സഞ്ജുവിന്റെ വെടിക്കെട്ട് പ്രകടനം കണ്ടത്.
47 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളും ഒമ്പത് സിക്സറുകളും സഹിതമായിരുന്നു സഞ്ജുവിന്റെ സെഞ്ചുറി നേട്ടം. ദക്ഷിണാഫ്രിക്കെതിരെ ഒരു ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും വേഗമേറിയ സെഞ്ചുറിയുടെ റെക്കോഡും ഇതോടെ സഞ്ജുവിന്റെ പേരിലായി.
രണ്ടാം ഓവര്‍ മുതല്‍ തകര്‍ത്തടിച്ച സഞ്ജു 27 പന്തുകളില്‍ നിന്ന് അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. പിന്നീട് അടുത്ത 50 റണ്‍സ് തികയ്ക്കാന്‍ വെറും 20 പന്തുകള്‍ കൂടിയേ മലയാളി താരത്തിനു വേണ്ടി വന്നുള്ളു. ഏഴു ഫോറും ആറ് സിക്സറുകളും സഹിതം 107 റണ്‍സ് നേടിയ സഞ്ജുവിനെ ഒടുവില്‍ നകാബയോംസിയുടെ പന്തില്‍ ക്രിസ്റ്റിയന്‍ സ്റ്റബസിന് ക്യാച്ച് നല്‍കി പുറത്താകുകയായിരുന്നു.
സഞ്ജു പുറത്താകുമ്പോള്‍ 15.4 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് എന്ന അതിശക്തമായ നിലയലാണ് ഇന്ത്യ. സഞ്ജുവിന് പുറമേ ഓപ്പണര്‍ അഭിഷേക് ശര്‍മ(7), നായകന്‍ സൂര്യകുമാര്‍ യാദവ്(21), മധ്യനിര താരം തിലക് വര്‍മ(33) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.