by webdesk1 on | 22-08-2024 12:01:34 Last Updated by admin
തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കഴിഞ്ഞ ദിവസം രാവിലെ ഒമ്പത് മണി മുതല്‍ കാണാതായ അസം സ്വദേശിനിയായ 13കാരി പെണ്‍കുട്ടിയെ വിശാഖപട്ടണത്ത് കണ്ടെത്തി. 37 മണിക്കൂര്‍ നേരത്തെ തെരച്ചിലിനൊടുവിലാണ് വിശാഖപട്ടണത്ത് നിന്ന് കുട്ടിയെ കണ്ടെത്തിയിരിക്കുന്നത്.
താംബരം എക്‌സ്പ്രസ് ട്രെയിനിനുള്ളിലെ ബെര്‍ത്തില്‍ ഉറങ്ങുന്ന നിലയിലായിരുന്നു പെണ്‍കുട്ടി. ട്രെയിനിലുണ്ടായിരുന്ന മലയാളി അസോസിയേഷന്‍ പ്രതിനിധികളാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് അസോസിയേഷന്‍ പ്രതിനിധികള്‍ വ്യക്തമാക്കി. കുട്ടിയെ ഇപ്പോള്‍ റെയില്‍വേ പൊലീസിന് കൈമാറിയിരിക്കുകയാണ്.
ഒരു ദിവസം നീണ്ട കാത്തിരിപ്പിനും പ്രാര്‍ത്ഥനയ്ക്കുമൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. പുലര്‍ച്ച കന്യാകുമാരിക്കുള്ള ട്രയിനില്‍ കുട്ടി യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സഹയാത്രക്കാരി പകര്‍ത്തി പോലീസിന് കൈമാറിയതിനെ തുടര്‍ന്നാണ് അന്വേഷണം ഊര്‍ജിതമായത്. ഇതേ തുടര്‍ന്ന് കേരള പോലീസ് സംഘം കന്യാകുമാരിയിലെത്തി.
പുലര്‍ച്ചെ 5.30നു റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് കുട്ടി പുറത്തേക്ക് ഇറങ്ങിയത് കണ്ടെന്ന ഓട്ടോഡ്രൈവര്‍മാരുടെ മൊഴിയെ തുടര്‍ന്ന് രാവിലെ വ്യാപകമായ തിരച്ചിലാണ് നടത്തിയത്. പക്ഷെ കുട്ടിയെ കണ്ടത്താനായില്ല. പിന്നീട് ആശങ്കകളുടെ മണിക്കൂറുകളായിരുന്നു. ഇതിനിടെ കുട്ടി ചെന്നൈയ്ക്കുള്ള ട്രയിനില്‍ കയറി പോകുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു. ഉടനെ പോലീസ് സംഘം ചെന്നൈയിലേക്ക് പുറപ്പെട്ടു.
എന്നാല്‍ സംഘം ഇവിടെ എത്തുന്നതിന് മുന്‍പേ തന്നെ കുട്ടി മറ്റൊരു ട്രയിനില്‍ കയറി യാത്ര തുടര്‍ന്നു. ഇതിനിടെയാണ് മലയാളി അസോസിയേഷന്‍ പ്രതിനിധികള്‍ കുട്ടിയെ തിരിച്ചറിയുകയും റെയില്‍വേ പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തത്.
സഹോദരിമാരുമായി വഴക്കുണ്ടാക്കിയതിന് അമ്മ ശകാരിച്ചതാണ് കുട്ടി വീടുവിട്ടിറങ്ങിപ്പോകാന്‍ കാരണം. ബാഗും വസ്ത്രങ്ങളും സഹിതമാണ് പോയത്. കുട്ടിക്കായുള്ള തിരച്ചിലിനിടെ തൃശൂരില്‍ തിരുപ്പൂരില്‍ നിന്നു കാണാതായ മറ്റൊരു കുട്ടിയെ പോലീസ് കണ്ടെത്തിയിരുന്നു.