by webdesk1 on | 22-08-2024 12:15:23
കൊച്ചി: വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷം. ഭാര്യക്ക് തന്റെ ഭര്‍ത്താവില്‍ നിന്ന് കൂട്ടിയെ വേണം. ഭര്‍ത്താവാകട്ടെ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലും. വിഷയം കോടതിയിലെത്തിയതോടെ യുവാവിന്റെ ബീജമെടുത്ത് സൂക്ഷിക്കാന്‍ ഹൈകോടതി ഉത്തരവ്. 34 കാരിയായ ഭാര്യ നല്‍കിയ ഹര്‍ജില്‍ കേരള ഹൈക്കോടതിയില്‍ ജസ്റ്റിസ് വി.ജി. അരുണാണ് അത്യപൂര്‍വ്വമായ ഉത്തരവിട്ടത്.
അസിസ്റ്റഡ് റിപ്രൊഡക്ടീവ് ടെക്നോളജി ട്രീറ്റ്മെന്റിലൂടെ കുട്ടിക്ക് ജന്മം നല്‍കാന്‍ ഭര്‍ത്താവിന്റെ ബീജം എടുക്കണമെന്നായിരുന്നു യുവതിയുടെ ആവശ്യം. 2021ല്‍ നിലവില്‍ വന്ന എആര്‍ടി നിയമ പ്രകാരം ദമ്പതികളില്‍ ഇരുവരുടെയും അനുമതി ആവശ്യമാണെങ്കിലും ഭര്‍ത്താവിന്റെ അനുമതി വാങ്ങുക സാധ്യമല്ലാത്തതിനാലാണ് യുവതിയും ഭര്‍ത്താവിന്റെ അമ്മയും ചേര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചത്.
എറണാകുളം സ്വദേശിയായ യുവാവ് ആഗസ്റ്റ് നാലിന് രാത്രി ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ എതിരെ വന്ന കാറിടിച്ചാണ് അപകടപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ യുവാവ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഗുരതരാവസ്ഥയില്‍ വെന്റിലേറ്ററിലാണ്. കഴിഞ്ഞ വര്‍ഷം വിവാഹിതരായ ദമ്പതികള്‍ക്ക് കുട്ടികളില്ല. ബീജമെടുത്ത് സൂക്ഷിക്കാന്‍ ആശുപത്രി അധികൃതര്‍ക്കാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.