by webdesk1 on | 22-08-2024 12:19:29 Last Updated by webdesk1
കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദം പുതിയ വഴിത്തിരിവിലേക്ക്. ഇന്നലെ ഹൈക്കോടതിയുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ മുട്ട് വിറച്ച പോലീസ്, മുഹമ്മദ് ഖാസിമിനെതിരെ നിലവില്‍ തെളിവില്ലെന്ന് സമ്മതിക്കേണ്ടിവന്നു. പിന്നെ എന്തിനാണ് ക്രിമനല്‍ കുറ്റം ചുമത്തി കേസെടുത്തതെന്ന സ്വാഭാവിക ചോദ്യത്തിന് സര്‍ക്കാരിന്റെയും പോലീസിന്റെയും പക്കലുള്ള ന്യായം കുറ്റക്കാരനാകാനുള്ള സാദ്ധ്യത തള്ളാനാകില്ലെന്നായിരുന്നു.
കാസിമിനെതിരെ തെളിവുകള്‍ കണ്ടത്താന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന സിംഗിള്‍ ബഞ്ചിന്റെ ചോദ്യത്തിന് മറുപടിയായാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. അന്വേഷണം ശരിയായ ദിശയിലാണെന്നും ചില ഫോണുകള്‍ കൂടി പരിശോധിക്കാനുണ്ടെന്നും പോലീസ് ഹൈക്കോടതിയെ അറിയിച്ചു. എന്നില്‍ നിലവിലുള്ള തെളിവുകുടെ അടിസ്ഥാനത്തില്‍ മുഹമ്മദ് ഖാസിം കുറ്റക്കാരനെന്ന് കണ്ടെത്താനായിട്ടില്ലെന്ന് ഹൈക്കോടതിയും നിരീക്ഷിച്ചു.
സ്‌ക്രീന്‍ ഷോട്ടിന്റെ ഉറവിടം കണ്ടെത്താന്‍ ഒട്ടേറെ പേരെ ചോദ്യം ചെയ്യുകയും ഫോണുകള്‍ പരിശോധിക്കുകയും ചെയ്തതായി സര്‍ക്കാര്‍ അറിയിച്ചു. കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ച റെഡ് ബെറ്റാലിയന്‍, റെഡ് എന്‍കൗണ്ടേഴ്സ്, അമ്പാടിമുക്ക് സഖാക്കള്‍ എന്നീ വാട്സാപ്പ് ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട മനീഷ്, സജീവ്, അമല്‍റാം, റിബേഷ് എന്നിവരുടെ മൊഴിയെടുക്കുകയും ഫോണുകള്‍ പരിശോധിക്കുകയും ചെയ്തിട്ടുണ്ട്.
പോരാളി ഷാജി എന്ന ഫേസ്ബുക് പേജില്‍ നിന്ന് വിദ്വേഷ പോസ്റ്റ് ഇനിയും നീക്കാത്തതിന്റെ പേരിലാണ് മെറ്റ കമ്പനിയെ പ്രതിചേര്‍ത്തത്. ഫേസ്ബുക്ക്, വാട്സാപ്പ് കമ്പനികളില്‍ നിന്ന് റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.
സ്‌ക്രീന്‍ഷോട്ട് ആദ്യം പ്രചരിപ്പിച്ച റിബേഷിനെ ചോദ്യം ചെയ്താല്‍ വ്യക്തമാകുമായിരുന്ന ഉറവിടത്തിനായി മെറ്റ കമ്പനിയെ പ്രതിചേര്‍ത്ത നടപടി അഹാസ്യമാണെന്ന് കാസിമിന്റെ അഭിഭാഷകന്‍ പറഞ്ഞു. പോസ്റ്റ് പ്രചരിപ്പിച്ച ഗ്രൂപ്പുകളുടെ അഡ്മിന്‍മാരെ പ്രതിയാക്കുന്നതിന് പകരം സാക്ഷികളാക്കിയിരിക്കുകയാണന്നും അദ്ദേഹം ചൂണ്ടികാട്ടി. കേസ് ഡയറി പരിശോധിച്ചശേഷം ഹര്‍ജി 29ന് വീണ്ടുംപരിഗണിക്കും.