by webdesk1 on | 12-12-2024 06:14:35
കൊച്ചി: അര്‍ദ്ധരാത്രിയില്‍ അപ്രതീക്ഷിതമായുണ്ടായ പണിമുടക്കില്‍ വല്ലാത്ത പരിഭ്രമത്തിലായിരുന്നു സമൂഹമാധ്യമ ഉപയോക്താക്കള്‍. ഫെസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും വാട്‌സാപ്പിലുമൊക്കെ സന്ദേശങ്ങള്‍ അയച്ചുകൊണ്ടിരുന്നതും റീല്‍സും പോസ്റ്റുകളും കണ്ടുകൊണ്ടിരുന്നതും പെട്ടന്നങ്ങ് നിശ്ചലമായി.
അപ്‌ഡേഷനുകള്‍ ലഭിക്കാതെ വന്നപ്പോള്‍ ആപ്പുകള്‍ ക്ലോസ് ചെയ്തും മൊബൈല്‍ റീസ്റ്റാര്‍ട്ട് ചെയ്തുമൊക്കെ നോക്കിയിട്ടും നോ രക്ഷ. പിന്നീടാണ് മനസിലായത് മെറ്റയ്ക്ക് കീഴിലുള്ള സോഷ്യല്‍മീഡിയ ആപ്പുകള്‍ പണിമുടക്കിയതായിരുന്നുവെന്ന്.
ബുധനാഴ്ച രാത്രി 11 മണിക്ക് ശേഷമായിരുന്നു വാട്‌സാപ്പും ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കും ഏറെ നേരം തടസം നേരിട്ടത്. മൊബൈലിലും ഡെസ്‌ക്ടോപ്പിലും ആപ്പുകള്‍ തുറക്കാന്‍ സാധിച്ചിരുന്നില്ല.
ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ നിരവധി പേര്‍ക്ക് പ്രശ്‌നം അനുഭവപ്പെട്ടതായി ഡൗണ്‍ ഡിറ്റക്ടര്‍ എന്ന വൈബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. ചിലര്‍ക്ക് ആപ്പുകള്‍ തുറക്കാന്‍ സാധിച്ചില്ല. ചിലര്‍ക്ക് ഏറെ സമയമെടുത്തു. ചിലരുടെ ഫേസ്ബുക്ക് പേജിലാകട്ടെ കമന്റുകളോ മറ്റ് റിയാക്ഷനുകളോ ഇല്ലാത്ത സ്ഥിതിയായിരുന്നു.
യുഎസില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് തടസം നേരിട്ടത് ഇന്‍സ്റ്റഗ്രാമിലാണ്. ഏകദേശം 72,000ത്തോളം പേര്‍ക്ക് ഇന്‍സ്റ്റഗ്രാം തുറക്കാന്‍ കഴിഞ്ഞില്ല. ഇന്ത്യയില്‍ 30,000ത്തോളം പേരാണ് തടസം അനുഭവിച്ചത്. ഏകദേശം 30,500 പേര്‍ക്ക് വാട്‌സ് ആപ്പ് തുറക്കാനായില്ല. അതേസമയം വിഷയത്തില്‍ ഇതുവരെ മെറ്റ പ്രതികരിച്ചിട്ടില്ല.