by webdesk1 on | 22-08-2024 09:03:27 Last Updated by webdesk1
കൊച്ചി: കോളിളക്കം സൃഷ്ടിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഹൈക്കോടതിയുടെ നിര്‍ണായ ഇടപെടല്‍. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് ഒന്നും ചെന്നാനില്ലെങ്കില്‍ അതുകൊണ്ട് എന്താണ് പ്രയോജനമെന്ന് ഹൈക്കോടതിയുടെ പരാമര്‍ശം. കമ്മിറ്റിക്ക് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ആവശ്യപ്പെട്ടാല്‍ കേസെടുക്കാമെന്നും റിപ്പോര്‍ട്ട് അതീവരഹസ്യ സ്വഭാവമുള്ളതായതിനാല്‍ മൊഴി നല്‍കിയവരുടെ വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി വനിത കമീഷനെയും സ്വമേധയാ കക്ഷി ചേര്‍ത്തു ഹര്‍ജി അടുത്ത മാസം പത്തിന് പരിഗണിക്കാന്‍ മാറ്റിയത്.
ഇരകള്‍ നല്‍കിയ മൊഴികള്‍ എങ്ങിനെ അവഗണിക്കാനാവുമെന്ന് കോടതി ചോദിച്ചു. നേരിട്ടെത്തി പരാതി നല്‍കാനാകാന്‍ കഴിയാത്തവരല്ലെ മൊഴി നല്‍കിയിരുക്കുന്നത്. ലൈംഗിക അതിക്രമവും ചൂഷണവും റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നുണ്ട്. സമൂഹത്തെ ബാധിക്കുന്നതാണിത്. കുറ്റകൃത്യം വെളിപ്പെടുത്തിയവര്‍ക്ക് പ്രോസിക്യുട്ട് ചെയ്യാനും താല്‍പര്യം ഉണ്ടായിരിക്കും. മൊഴി നല്‍കിയവരെ കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി സൂക്ഷിച്ചും തുടര്‍ നടുപടികള്‍ സാധ്യമാകുമല്ലോയെന്ന് ചൂണ്ടിക്കാട്ടിയ കോടതി റിപ്പോര്‍ട്ടിന്‍മേല്‍ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും റിപോര്‍ട്ടിന്റെ പൂര്‍ണ രൂപം മുദ്ര വെച്ച കവറില്‍ സമര്‍പ്പിക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
കുറ്റകൃത്യം നടന്നു എന്ന് വെളിപ്പെടുകയും ബോധ്യപ്പെടുകയും ചെയ്താല്‍ ബാധകമായ ചില വ്യവസ്ഥകള്‍ ഉണ്ടല്ലോ എന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്.മനു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. അത് പോക്‌സോ കേസിലേ ബാധകമാകൂവെന്നായിരുന്നു അഡ്വക്കറ്റ് ജനറലിന്റെ വിശദീകരണം. ഇത്തരത്തില്‍ ഒരു പഠന റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഏത് വിധത്തിലുള്ള തുടര്‍ നടപടികളാണ് സ്വീകരിക്കാനാവുയെന്ന് കോടതി ചോദിച്ചു. ഹേമ കമ്മിറ്റി ചൂണ്ടിക്കാട്ടിയത് ഗുരുതരമായ പ്രശ്‌നങ്ങളാണ്. ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസിന് നേരിട്ട് കേസെടുക്കാവുന്ന പോക്‌സോ വകുപ്പ് ബാധകമാകുന്ന കുറ്റങ്ങളെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടോയെന്നും കോടതി ചോദിച്ചു.
സിനിമയിലെ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ഹേമ കമ്മിറ്റിയെ നിയോഗിച്ചതെന്നായിരുന്നു സര്‍ക്കാറിന്റെ വിശദീകരണം. രഹസ്യ സ്വഭാവം സംരക്ഷിക്കപ്പെടുമെന്ന ഉറപ്പിലും ധാരണയിലുമാണ് ഇരകളടക്കം മൊഴി നല്‍കിയിരിക്കുന്നതെന്നും വ്യക്തമാക്കി. കമ്മിറ്റി റിപ്പോര്‍ട്ടിന്‍മേല്‍ സര്‍ക്കാര്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് കോടതി ചോദിച്ചു. മൊഴി നല്‍കിയവര്‍ക്ക് ആരോപണങ്ങള്‍ നേരിട്ട് ഉന്നയിക്കാന്‍ താല്‍പര്യമുണ്ടോ. മൊഴി നല്‍കിയവരുടെ പേരുകള്‍ റിപ്പോര്‍ട്ടില്‍ ഉണ്ടോയെന്നും കോടതി സര്‍ക്കാറിനോട് ആരാഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആരോപണ വിധേയരാവര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ പായിച്ചിറ നവാസ് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. കമീഷന്‍ സമര്‍പ്പിച്ച സമ്പൂര്‍ണ റിപ്പോര്‍ട്ടും സാക്ഷി മൊഴികളും വീഡിയോ, ഓഡിയോ, ഡിജിറ്റല്‍ തെളിവുകളുമടക്കം രേഖകള്‍ വിളിച്ചു വരുത്തി പരിശോധിക്കണമെന്നും എഡിറ്റ് ചെയ്യാത്ത റിപ്പോര്‍ട്ടില്‍ ഉണ്ടന്നു പറയുന്ന ലൈംഗിക പീഡന സംഭവങ്ങളില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കണമെന്നുമാവശ്യപ്പെട്ടാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്.