Infotainment Cinema

മാധ്യമങ്ങള്‍ അമ്മയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നു; റിപ്പോര്‍ട്ടില്‍ നടപടി തീരുമാനിക്കുന്നത് സര്‍ക്കാര്‍: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിലപാട് വ്യക്തമാക്കി താരസംഘടന

Axenews | മാധ്യമങ്ങള്‍ അമ്മയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നു; റിപ്പോര്‍ട്ടില്‍ നടപടി തീരുമാനിക്കുന്നത് സര്‍ക്കാര്‍: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിലപാട് വ്യക്തമാക്കി താരസംഘടന

by webdesk1 on | 23-08-2024 03:42:07 Last Updated by webdesk1

Share: Share on WhatsApp Visits: 31


മാധ്യമങ്ങള്‍ അമ്മയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നു; റിപ്പോര്‍ട്ടില്‍ നടപടി തീരുമാനിക്കുന്നത് സര്‍ക്കാര്‍: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിലപാട് വ്യക്തമാക്കി താരസംഘടന



കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എന്ത് തുടര്‍നടപടി എടുക്കണം എന്നത് സംബന്ധിച്ച് തീരുമാനിക്കുന്നത് സര്‍ക്കാരാണെന്നും മലയാള സിനിമ മേഖല മുഴുവന്‍ മോശമാണെന്ന് സാമാന്യവത്കരിക്കുന്നതിനോട് യോജിപ്പില്ലെന്നും താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സിദ്ധിഖ്.

റിപ്പോര്‍ട്ട് പുറത്തുവരുന്നതിനെ എതിര്‍ട്ടില്ല. അതിനെയും സ്വാഗതം ചെയ്തിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അമ്മയ്‌ക്കെതിരെയുള്ള ഒന്നല്ല. ഞങ്ങളുടെ അംഗങ്ങള്‍ തൊഴിലെടുത്ത് സുരക്ഷിതമായിരിക്കണമെന്നത് ഞങ്ങളുടെ കൂടെ ആവശ്യമാണ്. അടച്ചാക്ഷേപിച്ചുള്ള ആരോപണങ്ങള്‍ വിഷമങ്ങളുണ്ടാക്കി. മാധ്യമങ്ങള്‍ അമ്മയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് സങ്കടകരം.

പവര്‍ ഗ്രൂപ്പിനെക്കുറിച്ച് അറിയില്ല. അത് എവിടെ നിന്നുവന്നു എന്ന് അറിയില്ല. എല്ലാ സംഘടനകളില്‍നിന്നും രണ്ട് പേരെ വീതം ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു ഹൈപവര്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇതേക്കുറിച്ചാണോ പറഞ്ഞതെന്നറിയില്ല. അങ്ങനെ ആരെങ്കിലും പവര്‍ ഗ്രൂപ്പായി പ്രവര്‍ത്തിച്ചാല്‍ സിനിമ മേഖല മുന്നോട്ടുപോകില്ല.

മാഫിയ എന്നൊക്കെ പറയുന്നത് അതേക്കുറിച്ച് അറിയാത്തതുകൊണ്ടാണ്. ഹേമ കമ്മിറ്റിയെക്കുറിച്ച് പ്രതികരിക്കുന്നതില്‍നിന്ന് ഒഴിഞ്ഞുമാറിയിട്ടില്ല. സംഘടനയുടെ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്നയാളെന്ന നിലയില്‍ അങ്ങനെ ഒഴിഞ്ഞുമാറാനാകില്ല. പരിപൂര്‍ണമായും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ അമ്മ സ്വാഗതം ചെയ്യുന്നു. അതിലെ നിര്‍ദേശങ്ങള്‍ എല്ലാം നടപ്പിലാക്കണം.

2006ല്‍ നടന്ന സംഭവത്തെക്കുറിച്ച് 2018ല്‍ ഒരു പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. അന്ന് ഞാന്‍ വെറും എക്‌സിക്യൂട്ടിവ് മെമ്പര്‍ മാത്രമായിരുന്നു. അന്ന് പരാതി ശ്രദ്ധയില്‍പ്പെട്ടില്ല. അത് തെറ്റായിപ്പോയി. അങ്ങനെയുണ്ടാകാന്‍ പാടില്ലാത്തതാണ്. അല്ലാതെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് മറ്റു പരാതികള്‍ അമ്മയ്ക്ക് ലഭിച്ചിട്ടില്ല.

ലൈംഗികാതിക്രമത്തേക്കാള്‍ കൂടുതല്‍ പ്രതിഫലം ലഭിക്കാതെ പോകുന്നു എന്ന പ്രശ്‌നമാണ് സിനിമ മേഖല നേരിടുന്ന വലിയ പ്രശ്‌നം. ലൈംഗികാതിക്രമ ആരോപണങ്ങളില്‍ വേട്ടക്കാരുടെ പേരു പുറത്തുവിടണമെന്നും കേസെടുക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന കാര്യം അമ്മ ആലോചിച്ചു തീരുമാനമെടുക്കും.

അമ്മ സംഘടനയിലെ ഭൂരിഭാഗം പേരെയും കമ്മിറ്റി മൊഴിയെടുക്കാന്‍ വിളിപ്പിച്ചിട്ടില്ല. എന്നെ വിളിച്ചിട്ടില്ല. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവരെ വിളിച്ചിരുന്നു. അവരോട് പ്രതിഫലം സംബന്ധിച്ച ചില കാര്യങ്ങള്‍ മാത്രമാണ് ചോദിച്ചതെന്നാണ് അറിഞ്ഞത്.

വിഷയത്തില്‍ അമ്മയുടെ പ്രതികരണം വൈകിയെന്ന് പൊതുവേ വിമര്‍ശനമുണ്ട്. റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ ഒരു ഷോയുടെ റിഹേഴ്‌സല്‍ നടക്കുകയായിരുന്നു. 22ന് വെളുപ്പിനാണ് അത് അവസാനിച്ചത്. പ്രസിഡന്റ് മോഹന്‍ലാല്‍ സ്ഥലത്തില്ല. അവരോടുള്‍പ്പെടെ ചര്‍ച്ച ചെയ്യാനാണ് സമയമെടുത്തത്. അല്ലാതെ ഒളിച്ചോട്ടമല്ലായിരുന്നുവെന്നും സിദ്ധിഖ് പറഞ്ഞു. എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ വിനു മോഹന്‍, ചേര്‍ത്തല ജയന്‍, ജോമോള്‍, അനന്യ എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


Share:

Search

Popular News
Top Trending

Leave a Comment