by webdesk1 on | 02-01-2025 10:14:11
മാഞ്ചസ്റ്റര്‍: ഹൃദയഭാഗത്തേറ്റ ഗുരുതര പരിക്കിറ്റിന്റെ പിടിയില്‍ നിന്ന് കരകയറാനാകാതെ ജീവമരണ പോരാട്ടത്തിലാണ് സാക്ഷാല്‍ പെപ്പ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റി. പരാജയങ്ങളുടെ പടുകുഴിയില്‍ നിന്ന് കരകയറാന്‍ നടത്തുന്ന ശ്രമങ്ങളൊന്നും ഫലം കാണുന്നില്ല. ആദ്യ തോല്‍വികളില്‍ വൈകാരികമായി നിരാശ പ്രകടിപ്പിച്ചിരുന്ന ഗ്വാര്‍ഡിയോള മുന്‍കൂട്ടി പ്രതീക്ഷിച്ചതുപോലെയാണ് ഇപ്പോള്‍ തോല്‍വികളെ സ്വീകരിക്കുന്നത്.
തോല്‍വിയോടും സമരസപ്പെട്ടുപോയ ഒരു മനുഷ്യന്റെ എല്ലാവിധ നിസഹായതയും ആ മനുഷ്യന്റെ മുഖത്തുണ്ട്. തന്റെ ടീം തോറ്റ് തലകുനിച്ച് പുറത്തേക്ക് വരുമ്പോള്‍ അവര്‍ക്ക് മുന്‍പേ തോല്‍വി ഭാരത്താല്‍ ശീരസ് താഴ്ത്തി ഡ്രസിംഗ് റൂമിലേക്ക് പോകുന്ന ഗ്വാര്‍ഡിയോളയേയാണ് കഴിഞ്ഞ കുറേ മത്സരങ്ങളില്‍ ഫുട്‌ബോള്‍ ലോകം കാണുന്നത്. ആത്മവിശ്വാസം നഷ്ടമായ ഒരു കോച്ചിന് തന്റെ ടീമിനെ ഇനിയെങ്ങനെ ഉയര്‍ത്തിക്കൊണ്ടുവരുമെന്ന ചോദ്യവും ബാക്കിയാക്കി.
ഒന്നാം നമ്പര്‍ മുതല്‍ സ്‌ട്രൈക്കര്‍ പോസിഷന്‍ വരെ അടിമുടി പ്രശ്‌നങ്ങളാണ് സിറ്റിയില്‍. പ്രധാനമായും ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍. റോഡ്രിയുടെ അഭാവം നമ്പര്‍ സിക്‌സ് പോസിഷനില്‍ കാര്യമായ പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. അവിടേക്ക് പകരം വയ്ക്കാന്‍ റോഡ്രിയേ പോലെ ഒരു താരത്തിന്റെ അഭാവമാണ് പെപ്പ് ഗ്വാര്‍ഡിയോളയെ വലയ്ക്കുന്നത്. ജനുവരി ട്രാന്‍ഫര്‍ വിന്‍ഡോയില്‍ ഒരു പരിഹാരം അതിനു കണ്ടത്തേണ്ടതുണ്ട്.
സാധാരണ ഗതിയില്‍ ജനുവരി ട്രാന്‍ഫര്‍ വിന്‍ഡോയില്‍ അധികം പ്രാധാന്യം നല്‍കാത്ത ആളാണ് പെപ്പ് ഗ്വാര്‍ഡിയോള. പക്ഷെ സാധാരണ കാര്യങ്ങളല്ലല്ലോ സിറ്റിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. മുന്‍പ് കണ്ടിട്ടില്ലത്ത വിധത്തില്‍ പ്രതിസന്ധികള്‍ കുമിഞ്ഞ് കൂടിക്കിടക്കുമ്പോള്‍ എങ്ങനെയും മികച്ച താരങ്ങളെ എത്തിക്കാനാകും ടീം മാനേജ്‌മെന്റ് ശ്രമിക്കുക. അതു തിരിച്ചറിയുന്നുണ്ട് ഗ്വാര്‍ഡിയോള.
19 മത്സരങ്ങള്‍ പിന്നിട്ടുപ്പോള്‍ ലീഗില്‍ ആറാമതാണ് സിറ്റിയുടെ സ്ഥാനം. ആദ്യ ഒന്‍പത് മത്സരങ്ങളില്‍ ഒരു തോല്‍വി പോലും കണ്ടില്ല. ഏഴ് മത്സരങ്ങള്‍ വിജയിച്ചപ്പോള്‍ രണ്ടെണ്ണം സമനിലയിലായി. എന്നാല്‍ പിന്നീടുള്ള പത്ത് മത്സരങ്ങളില്‍ സിറ്റിക്ക് ജയിക്കാനായത് രണ്ടില്‍ മാത്രം. ആറ് മത്സരങ്ങളില്‍ തോല്‍വി അറിഞ്ഞപ്പോള്‍ രണ്ട് മത്സരങ്ങള്‍ തോല്‍വിക്ക് സമാനമായ സമനിലയില്‍ അവസാനിപ്പിക്കേണ്ടിവന്നു.
ലീഗില്‍ സിറ്റിക്കിന് എത്രത്തോളം സാധ്യതയുണ്ട് എന്ന ചോദ്യത്തിന് പെപ്പ് ഗ്വാര്‍ഡിയോളയ്ക്കു പോലും ആത്മവിശ്വാസത്തോടെ ഉത്തരം നല്‍കാനാകുന്നില്ല. എങ്കിലും മോശം ഫോമില്‍ നിന്ന് ടീമിനെ കരകയറ്റേണ്ടതുണ്ട്. അടുത്ത രണ്ട് വര്‍ഷം കൂടി ഗ്വാര്‍ഡിയോളക്ക് കരാര്‍ നീട്ടി കിട്ടിയിട്ടുണ്ട്. മുന്നിലുള്ളതാകട്ടെ വലിയ വെല്ലുവിളികളും. സിറ്റിയെ പഴയ പ്രതിപത്തിലേക്ക് തിരിച്ച് കൊണ്ടുവരണം. ടീമിനെ ആകെ ഉടച്ചു വാര്‍ക്കണം. അതിന് ജനുവരി വിന്‍ഡോയിലൂടെ എങ്കില്‍ അങ്ങനെ, മികച്ച താരങ്ങളെ ഇവിടേക്ക് എത്തിക്കാനാണ് ശ്രമം.
ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍ റോഡ്രിക്ക് പകര വയ്ക്കാനാകുന്ന താരത്തെ എത്തിക്കാനാണ് നീക്കം. കേള്‍ക്കുന്ന പേര് സ്പാനിഷ് താരം മാര്‍ട്ടിന്‍ സുബിമെന്‍ഡിയുടെതാണ്. ലാലിഗ ക്ലബ് റിയല്‍ സോസിഡാഡിയുടെ നെടുംതൂണാണ് സുബിമെന്‍ഡി. ലിവര്‍പുള്‍ താരത്തെ ഒരിക്കല്‍ നോട്ടമിട്ടതാണ്. എന്നാല്‍ അന്നതിന് സുബിമെന്‍ഡി വഴങ്ങിയില്ല. ഇന്നിപ്പോള്‍ ലാലിഗ വിട്ട് പ്രിമീയര്‍ ലിഗിലേക്ക് വരാനുള്ള താല്‍പര്യം താരം തന്നെ പറഞ്ഞിട്ടുണ്ട്. അങ്ങനെങ്കില്‍ സുബിമെന്‍ഡിലെ സ്വന്തം പാളയത്തിലെത്തിക്കാനാകും സിറ്റി ശ്രമിക്കുക.
കൂടാതെ ന്യൂകാസ്റ്റിലില്‍ കളിക്കുന്ന ബ്രസീലിയന്‍ താരം ബ്രൂണോ ഗ്വിമാരീസിന്റെ പേരും ഇറ്റാലിയന്‍ ക്ലബായ അറ്റ്‌ലാന്റയുടെ ബ്രസീലിയന്‍ താരം എഡേഴ്‌സന്റെ പേരും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. ഗ്വിമാരീസിനെ ന്യൂകാസ്റ്റിലില്‍ വിട്ടുകൊടുക്കാനുള്ള സാധ്യത വളരെ വിരളമാണ്. പിന്നെ എഡേഴ്‌സനാണ് സാധ്യമാകുന്ന മറ്റൊരു താരം.
മറ്റ് പൊസിഷനുകളിലേക്കും സിറ്റിക്ക് മികച്ച താരങ്ങളെ ആവശ്യമുണ്ട്. റൈറ്റ് ബാക്കില്‍ കൈല്‍ വാക്കര്‍ തീര്‍ത്തും പരാജയമാണ്. പ്രതിരോധത്തില്‍ തുടര്‍ച്ചയായി പിഴവുകള്‍ വരുത്തുന്നു. വാക്കറിന് പകരം നോട്ടിംഗ്ഹാം ഫോറസ്റ്റിന്റെ റൈറ്റ് ബാക്കര്‍ ഓല ഐനയേയാണ് സിറ്റി കണ്ണുവച്ചിരിക്കുന്നത്. പോയിന്റ് ടേബിളില്‍ രണ്ടാം സ്്ഥാനത്ത് നില്‍ക്കുന്ന നോട്ടിംഗ്ഹാം തങ്ങളുടെ താരത്തെ വിട്ടു നല്‍കുമോയെന്ന കാര്യത്തില്‍ സംശയമുണ്ട്.
റുബന്‍ ഡിയാസിന്റെയും ജോണ്‍ സ്‌റ്റോണിന്റേയും പരിക്കുകള്‍ സെന്‍ട്രല്‍ ബാക്കില്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇവിടേക്കും ബാക്കപ്പ് താരങ്ങളെ ആവശ്യമുണ്ട്. സെന്റര്‍ ബാക്കിലേക്ക് മാര്‍ക്ക് ഗ്വേഹിയെയാണ് നോക്കുന്നത്. ക്രിസ്റ്റല്‍ പാലസിലാണ് താരം ഇപ്പോള്‍ കളിക്കുന്നത്. കൂടാതെ ഒന്ന് രണ്ട് താരങ്ങളേക്കൂടി ഡിഫന്‍സിലേക്ക് എത്തിക്കാന്‍ സാധ്യതയുണ്ട്.
മുന്നേറ്റ നിരയിലും കാര്യമായ പ്രശ്‌നങ്ങളുണ്ട്. ലെഫ്റ്റ് വിംഗില്‍ ജെറമി ഡോക്കു നിറം മങ്ങി. ജാക്ക് ഗ്രീലിഷിനാകട്ടെ കരിയറിലെ ഏറ്റവും മോശം ഫോമിലാണ് കളിക്കുന്നതും. റൈറ്റ് വിങ്ങില്‍ ഫില്‍ ഫോഡനും കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല. സെന്റര്‍ഫോര്‍വേര്‍ഡില്‍ കെവിന്‍ ഡി ബ്രൂണെ ഏകാകിയെപ്പോലെയാണ്. മുന്നേറ്റം ദുര്‍ബലമായതോടെ എര്‍ലിന്‍ ഹാലണ്ടിലേക്ക് പന്തുകള്‍ എത്തുന്നത് കുറഞ്ഞു. വല്ലപ്പോഴും കിട്ടുന്ന അവസരങ്ങളാകട്ടെ ലക്ഷ്യം കാണാനും കഴിയുന്നില്ല.
സിറ്റി അടുത്തിടെ നടത്തിയ വലിയ മണ്ടത്തരങ്ങളിലൊന്ന് ഹൂലിയന്‍ അല്‍വാരസിനേയും കോള്‍ പാമറേയും കൈവിട്ടു കളഞ്ഞതാണ്. പാമര്‍ പോയതോടെ കെവിന്‍ ഡി ബ്രൂണെയ്ക്കു പകരക്കാരനായി ഇറക്കാന്‍ ആളില്ല. ചെല്‍സിയിലേക്ക് കളംമാറിയ പാമര്‍ പ്രീമിയര്‍ ലീഗിലെ തന്നെ മികച്ച താരമായി മാറിയിരിക്കുകയാണ്. അതേപോലെ ഹൂലിയന്‍ അല്‍വാരസും അതലറ്റിക്കോ മാന്‍ട്രിഡില്‍ ഗോളുകള്‍ അടിച്ചുകൂട്ടി ടോപ്പ് സ്‌കോറര്‍ പട്ടികയില്‍ ഇടംപിടിച്ചിരിക്കുകയാണ്.