by webdesk3 on | 23-04-2025 12:20:26 Last Updated by webdesk3
പഹലല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊച്ചി സ്വദേശിയായ രാമചന്ദ്രന്റെ മൃതദേഹം രാത്രിയോടെ സംസ്ഥാനത്തേക്ക് എത്തിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. മൃതദേഹം ഉച്ചയ്ക്ക് 12 മണിയോടെ ഡല്‍ഹിയിലും തുടര്‍ന്ന് രാത്രി 7 മണിയോടെ കൊച്ചിയിലേക്കും എത്തിക്കും എന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.
ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ഇടപ്പള്ളി സ്വദേശിയായ രാമചന്ദ്രന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ കുടുംബത്തിന്റെയും നാടിന്റെയും ദുഃഖത്തില്‍ പങ്കുചേരുന്നു.ഭൗതികശരീരം നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ ഇടപെടലുകളും ഉറപ്പാക്കിയിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു.
കശ്മീരിലെ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നതായും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഇരകളായവരുടെയും കുടുംബാംഗങ്ങളുടെയും വേദനയില്‍ പങ്കുചേരുന്നു. കശ്മീരില്‍, ഏറെ കഠിനാദ്ധ്വാനത്തിലൂടെ നേടിയെടുത്ത സമാധാനവും ഐക്യവും തകര്‍ക്കാനുള്ള ഗൂഢ നീക്കത്തിന്റെ ഭാഗമാണ് ഈ ആക്രമണം. സാധാരണക്കാരെ ലക്ഷ്യം വയ്ക്കുന്നത് ഹീനവും ക്ഷമിക്കാനാവാത്തതുമായ കുറ്റകൃത്യമാണ്. രാജ്യം ശക്തമായ മറുപടി നല്‍കും എന്നും അദ്ദേഹം അറിയിച്ചു.